ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ ആചാര്യ ദേവവ്രത് പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകുന്നത്. ഭൂപേന്ദ്ര പട്ടേലിനൊപ്പം മന്ത്രിമാരും 12/12/2022 സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ 156 സീറ്റുകളാണ് ബിജെപി നേടിയത്. 1960-ല്‍ സംസ്ഥാനം രൂപീകരിച്ചതിനുശേഷമുള്ള റെക്കോര്‍ഡ് വിജയമാണ് ഇത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ എല്ലായ്പ്പോഴും ശക്തമായ മത്സരമാണ് നടന്നിരുന്നത്. എന്നാല്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രവേശനം ഈ തെരഞ്ഞെടുപ്പിനെ കൂടുതല്‍ നിര്‍ണായകമാക്കി. സൗജന്യ വൈദ്യുതി, വെള്ളം, സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ, കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍ തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ ഗുജറാത്തിലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ കഠിനമായി ശ്രമിച്ചു.മറുവശത്ത് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസും ശ്രമിച്ചു. എന്നാല്‍ 182 അംഗ നിയമസഭയില്‍ ബിജെപി 156 സീറ്റുകള്‍ നേടി. സംസ്ഥാനത്ത് ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ന വിജയമാണിത്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 17 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ആം ആദ്മി പാര്‍ട്ടിക്ക് 5 സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു. മൂന്ന് സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടി (എസ്പി) ഒരു സീറ്റ് നേടി.
രാഷ്ട്രീയ യാത്ര ആരംഭിച്ചത് മേംനഗര്‍ നഗരസഭാംഗമായി
1962 ജൂലൈ 15 ന് അഹമ്മദാബാദില്‍ ജനിച്ച പട്ടേല്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ നേടി. ആര്‍എസ്എസ് അംഗമാണ് അദ്ദേഹം. മേംനഗറില്‍ ആര്‍എസ്എസ് നിയന്ത്രിക്കുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ലൈബ്രറിയുടെ നേതൃനിരയിലുമുണ്ട്.മേംനഗര്‍ മുനിസിപ്പാലിറ്റിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി 1995ലാണ് അദ്ദേഹം പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു പതിറ്റാണ്ടിലേറെ മുനിസിപ്പാലിറ്റിയില്‍ സേവനമനുഷ്ഠിച്ചു. 1999-2000, 2004-2006 എന്നീ കാലഘട്ടങ്ങളില്‍ നഗരസഭ അധ്യക്ഷനായി. 2008 മുതല്‍ 2010 വരെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്‌കൂള്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായിരുന്നു അദ്ദേഹം. പിന്നീട് 2010 മുതല്‍ 2015 വരെ തല്‍തേജ് വാര്‍ഡില്‍ കോര്‍പറേറ്ററായി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ അദ്ദേഹം അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. 2015ല്‍ അഹമ്മദാബാദ് നഗരവികസന അതോറിറ്റിയുടെ ചെയര്‍മാനായി.2017ല്‍ ഘട്ലോഡിയ മണ്ഡലത്തില്‍ നിന്ന് 1,17,000 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് പട്ടേല്‍ ആദ്യമായി നിയമസഭാംഗമായി. 2021 സെപ്റ്റംബര്‍ 13-ന് ഗുജറാത്തിന്റെ 17-ാമത് മുഖ്യമന്ത്രിയായി പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2022ലെ തെരഞ്ഞെടുപ്പില്‍ ഘട്ലോഡിയ മണ്ഡലത്തില്‍ നിന്ന് 1,91,000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് പട്ടേല്‍ വീണ്ടും വിജയിച്ചത്.

