ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസിലെ ഇര സി.ആര്‍.പി.സി. 164 ചട്ടപ്രകാരം നല്‍കുന്ന മൊഴി, കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ പ്രതി ഉള്‍പ്പെടെ ആരോടും വെളിപ്പെടുത്തരുതെന്നു സുപ്രീം കോടതി. ഇതനുസരിച്ചു ക്രിമിനല്‍ നടപടിക്രമങ്ങളിലും വിചാരണാച്ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതികള്‍ക്കു നിര്‍ദേശം നല്‍കി.
തന്റെ മകള്‍ സി.ആര്‍.പി.സി. 164 പ്രകാരം നല്‍കിയ മൊഴിയുടെ പകര്‍പ്പ് കേസിലെ പ്രതികള്‍ക്കു നല്‍കിയതായി ചൂണ്ടിക്കാട്ടി കര്‍ണാടക സ്വദേശി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണു സുപ്രീം കോടതിയുടെ ഉത്തരവ്. 164 പ്രകാരമുള്ള പ്രസ്താവനയുടെ പകര്‍പ്പ് കോടതിയുടെ മുമ്പാകെയുള്ള നടപടികളില്‍ വ്യാപകമായി പരാമര്‍ശിക്കപ്പെട്ടതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേ സമയം, വിഷയത്തില്‍ കോടതിയലക്ഷ്യത്തിനു നടപടി സ്വീകരിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി.രാജ്യത്തെ ഹൈക്കോടതികള്‍ രൂപീകരിച്ച ക്രിമിനല്‍ പ്രാക്ടീസ് / വിചാരണ ചട്ടങ്ങളില്‍, മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങളുമായി യോജിച്ച് വ്യവസ്ഥകളില്ലെന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.



