സേലം | മേയ് 25
കോയമ്പത്തൂരിൽ പത്ത് വയസുകാരി ക്രൂര ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയായ കുട്ടിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ആശ്വസിപ്പിച്ചു. കേസിൽ കുടുംബത്തിന് അർഹമായ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കുട്ടിയുടെ മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച കോയമ്പത്തൂർ സുലൂരിൽ വീട്ടിനുസമീപത്ത് നിന്ന് കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള പൊന്തക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം തമിഴ്നാട്ടിലാകെ വലിയ പ്രതിഷേധത്തിനും ജനരോക്ഷത്തിനും കാരണമായി.
മുഖ്യമന്ത്രി വിജയ് കുടുംബവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും പറഞ്ഞതായാണ് കുടുംബം പറയുന്നത്. സ്വന്തമായി വീടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞതായി കുട്ടിയുടെ മുത്തശ്ശി വ്യക്തമാക്കി.
സംസ്ഥാനത്തെ ക്രമസമാധാനനില ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതിന് പിന്നാലെ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ കൊല്ലപ്പെട്ട കുട്ടിയുടെ വീടിനുസമീപം മുമ്പ് താമസിച്ചിരുന്നയാളാണെന്നും പൊലീസ് അറിയിച്ചു.
സംഭവം തമിഴ്നാട്ടിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അന്വേഷണം കൂടുതൽ ശക്തമാക്കിയ പൊലീസ് പ്രതികൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്താനാണ് നീക്കം. കേസിന്റെ പുരോഗതി സർക്കാർ നേരിട്ട് നിരീക്ഷിക്കുമെന്നും സൂചനയുണ്ട്.