സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്ക് ട്വന്റി20 ക്രിക്കറ്റ് സൂപ്പര്‍ 12 ലെ ആദ്യ ജയം. ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ അവര്‍ ബംഗ്ലാദേശിനെ 104 റണ്ണിനാണു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് 205 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് 101 റണ്ണിന് ഓള്‍ഔട്ടായി. സെഞ്ചുറി നേടിയ റിലി റൂസോയും (56 പന്തില്‍ എട്ട് സിക്സറും ഏഴ് ഫോറുമടക്കം 109) 10 റണ്‍ മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത പേസര്‍ ആന്റിച് നോര്‍ടിയയും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി തിളങ്ങി. ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ നിലനിര്‍ത്താനായില്ല.31 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 34 റണ്ണെടുത്ത ലിട്ടണ്‍ ദാസ് മാത്രമാണ് ബം ാ നിരയില്‍ തിളങ്ങിയത്. ആറ് പന്തില്‍ രണ്ട് സിക്സര്‍ ഉള്‍പ്പെടെ 15 റണ്ണെടുത്ത സൗമ്യ സര്‍ക്കാരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ബം ാദേശിനെ വരിഞ്ഞുമുറുക്കി. ബംഗ്ലാദേശിന്റെ ഏഴ് ബാറ്റര്‍മാര്‍ രണ്ടക്കം കണ്ടില്ല.
നോര്‍ടിയ 3.3 ഓവറില്‍ 10 റണ്‍ മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. താബ്രിസ് ഷാംസി മൂന്ന് വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കയും ഹോളണ്ടും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. റൂസോയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ നായകന്‍ തെംബ ബാവുമയെ നഷ്ടമായി. രണ്ട് റണ്‍ മാത്രം നേടിയ ബാവുമയെ തസ്‌കിന്‍ അഹമ്മദ് പുറത്താക്കി. മൂന്നാമനായി റൂസോ ക്രീസിലെത്തിയതോടെ കളിയുടെ ഗതി മാറി. ആദ്യ പന്തു മുതല്‍ ആക്രമിച്ച കളിച്ച റൂസോയ്ക്കൊപ്പം ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (38 പന്തില്‍ മൂന്ന് സിക്സറും ഏഴ് ഫോറുമടക്കം 63) ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക 200 കടന്നു.രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 163 റണ്‍ അടിച്ചെടുത്തു. റൂസോയുടെ ട്വന്റി20 കരിയറിലെ രണ്ടാം സെഞ്ചുറിയാണിത്. ട്രിസ്റ്റന്‍ സ്റ്റബസ് (ഏഴ് പന്തില്‍ ഏഴ്), എയ്ദീന്‍ മാര്‍ക്രം (10) എന്നിവര്‍ പുറത്തായതാണ് അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടഞ്ഞു. വെയ്ന്‍ പാര്‍നലും (0) ഡേവിഡ് മില്ലറും (രണ്ട്) പുറത്താവാതെ നിന്നു. റൂസോയാണു മത്സരത്തിലെ താരം.
