തിരുവനന്തപുരം: എം.ബി.എ കോഴ്സിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരമില്ലാത്ത രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് കേരള സർവകലാശാല ചട്ടവിരുദ്ധമായി സായാഹ്ന കോഴ്സ് അനുവദിച്ചതിനെതിരെ ഗവർണർക്ക് പരാതി. ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഉടമസ്ഥതയിലുള്ള എച്ച്.എൽ.എൽ മാനേജ്മെന്റ് അക്കാഡമി, തിരുവനന്തപുരം മൺവിള കാർഷിക സഹകരണ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് 30 സീറ്റുവീതം അനുവദിച്ചത്. കേരള സർവകലാശാലാ കാമ്പസിൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ രീതിയിൽ നടത്തുന്ന കോഴ്സുകളാണ് സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുവദിച്ചത്.
കോഴ്സുകളിൽ പ്രവേശനം, ഫീസ്, അദ്ധ്യാപക നിയമനം, പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം തുടങ്ങിയവയെല്ലാം സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. സർവകലാശാലാ ചട്ടപ്രകാരം ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾക്കും ട്രസ്റ്റുകൾക്കും മാത്രമേ യൂണിവേഴ്സിറ്റി അഫിലിയേഷനും കോഴ്സുകളും അനുവദിക്കാനാവൂ. ഇത് വകവയ്ക്കാതെയാണ് ലാറ്റക്സ് തൊഴിലാളികൾക്കും കർഷകർക്കും പരിശീലനം നൽകാൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി സർവകലാശാല ധാരണാപത്രം ഒപ്പിട്ടത്. പൂജപ്പുരയിൽ കേന്ദ്രസർക്കാരിന്റെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററിൽ സമാന കോഴ്സുണ്ടെങ്കിലും അവിടെ പരീക്ഷയും മൂല്യനിർണയവും നടത്തുന്നത് സർവകലാശാലയാണ്. പത്ത് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റുകളിലും ഇങ്ങനെയാണ്.അംഗീകാരമില്ലാത്ത കോളേജുകളിൽ പഠിച്ചിറങ്ങുന്നവരുടെ ബിരുദത്തിന് അംഗീകാരമുണ്ടാവില്ല
എന്നാൽ സർവകലാശാലകൾക്ക് നേരിട്ട് എം.ബി.എ കോഴ്സ് നടത്താൻ എ.ഐ.സി.ടി.ഇ അംഗീകാരം നിർബന്ധമില്ല. ഈ ഇളവ് ദുരുപയോഗം ചെയ്താണ് രണ്ട് സ്ഥാപനങ്ങൾക്ക് കോഴ്സ് അനുവദിച്ചത്. ഈ രീതി തുടർന്നാൽ സർവകലാശാലാ പഠനവകുപ്പുകളുമായി ധാരണാപത്രം ഒപ്പിട്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് തോന്നുംപടി കോഴ്സുകൾ നടത്താനാവുമെന്നും രണ്ടിടത്തെയും കോഴ്സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്കും എ.ഐ.സി.ടി.ഇ ചെയർമാനും പരാതി നൽകി.
കേരള യൂണി. സെനറ്റ് ഇന്ന്തിരുവനന്തപുരം: ഗവർണറുടെ വിരട്ടലിനെത്തുടർന്ന് കേരള സർവകലാശാല വൈസ്ചാൻസലർ വിളിച്ച സെനറ്റ് യോഗം ഇന്ന് ചേരുമെങ്കിലും പുതിയ വി.സിയെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകിയേക്കില്ല. 102 അംഗങ്ങളുള്ള സെനറ്റിൽ ക്വാറം തികയാൻ അഞ്ചിലൊന്ന് അംഗങ്ങൾ വേണം. 21പേരുണ്ടെങ്കിൽ യോഗം നടത്താം. ഇത്രയും പേർ എത്താനിടയില്ല.എത്തിയാൽതന്നെ രണ്ടംഗങ്ങളെ നിശ്ചയിച്ച് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കും. യു.ഡി.എഫ് അംഗങ്ങൾ പേര് നിർദ്ദേശിച്ചാലും വി.സി അംഗീകരിച്ചേക്കില്ല. സെർച്ച് കമ്മിറ്റി രൂപീകരണം കേസായാൽ, മൂന്ന് സെനറ്റ് യോഗം ചേർന്നിട്ടും അഞ്ച് കത്തെഴുതിയിട്ടും പ്രതിനിധിയെ നൽകിയില്ലെന്ന് ഗവർണർക്ക് ചൂണ്ടിക്കാട്ടാനാവും.