തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം 03/10/2022 തിങ്കളാഴ്ച വൈകിട്ട് മൂന്നിന്. കോടിയേരി മാടപ്പീടികയിലെ വസതിയില്‍ 03/10/2022 തിങ്കളാഴ്ച രാവിലെ 10 മണി വരെയും പൊതുദര്‍ശനം നടക്കും.ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്ന കോടിയേരി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്തരിച്ചത്. രാത്രി 8 മണിയോടെയാണ് മരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. തിങ്കള്‍ രാവിലെ 11 മുതല്‍ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 3 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം നടക്കുക. തിങ്കളാഴ്ച മാഹി, തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആദരസൂചകമായി ഹര്‍ത്താല്‍ ആചരിക്കും.
അര്‍ബുദ ബാധയെ തുടര്‍ന്ന് 2019 ഒക്ടോബറില്‍ യുഎസില്‍ ചികില്‍സ തേടിയ ഇദ്ദേഹം ഈ വര്‍ഷം ഏപ്രില്‍ 30ന് യുഎസില്‍ തന്നെ തുടര്‍ ചികില്‍സക്കും പോയിരുന്നു. ഈ സമയത്ത് ഇദ്ദേഹം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞിരുന്നില്ല. പകരം, മടങ്ങിയെത്തുംവരെ സംസ്ഥാന സെന്ററാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 2020ല്‍ ആരോഗ്യ കാരണങ്ങളാല്‍ അവധി വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതോടെ ഒരു വര്‍ഷം സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി ഒഴിഞ്ഞു. നിലവിലെ പിബി അംഗം എ വിജയ രാഘവനായിരുന്നു അന്ന് പകരം ചുമതല.ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇദ്ദേഹത്തെ തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഉടനെ വിദഗ്ധ ചികില്‍സക്കായി ചെന്നൈ അപ്പോളോയിലേക്ക് മാറ്റുകയും ചെയ്തു.



