റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഫര്‍സോണ്‍ തീരുമാനിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു

September 30, 2022 - 11:19 am

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബഫര്‍സോണ്‍ തീരുമാനിക്കുന്നതിന് വനംവകുപ്പ് വിദഗ്ധസമിതി രൂപീകരിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയില്‍ പരിസ്ഥിതി, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ വനം വകുപ്പ് മേധാവി ജെയിംസ് വര്‍ഗീസ് എന്നിവരാണ് അംഗങ്ങള്‍.സുപ്രീം കോടതി വിധി പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിനായി ഫീല്‍ഡ് പരിശോധന നടത്തുന്നതിനുമായാണ് വിദഗ്ധ സമിതി രൂപീകരിച്ചതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

ഈ സമിതിക്ക് സാങ്കേതിക സഹായം നല്‍കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന മറ്റൊരു സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. ഫോറസ്റ്റ് വിജിലന്‍സ് ഇന്റലിജന്‍സ് അഡീഷണല്‍ പി.സി.സി.എഫ്. പ്രമോദ് ജി. കൃഷ്ണന്‍, ഭൂമിശാസ്ത്ര അധ്യപകന്‍ ഡോ. റിച്ചാര്‍ഡ് സ്‌കറിയ, കേരള ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. എ.വി. സന്തോഷ് കുമാര്‍, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ എന്നിവരാണ് അംഗങ്ങള്‍.

കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് എന്‍വയോണ്‍മെന്റല്‍ സെന്റര്‍ നേരത്തേ തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ച് ആവശ്യമായ ഫീല്‍ഡ് പരിശോധനയും നടത്തിയ ശേഷം അന്തിമ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിക്കാനാണു തീരുമാനം. ബഫര്‍ സോണ്‍ വരുന്ന മേഖലകളിലെ ജനസാന്ദ്രതയും ബഫര്‍ സോണ്‍ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സുപ്രീം കോടതിയെ ധരിപ്പിക്കാനായി സമിതിയുടെ റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *