റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകപ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം

August 13, 2022 - 10:17 am

ന്യൂയോർക്ക്: ന്യൂയോർക്കിലെ ഷടാക്വ ഇൻസ്റ്റിട്യൂഷനിൽ പ്രഭാഷണത്തിനെത്തിയ ലോകപ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം. സൽമാൻ റുഷ്ദിയെ സദസ്സിന് മുന്നിൽ പരിചയപ്പെടുത്തുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണത്തെ തുടർന്ന് സൽമാൻ റുഷ്ദി നിലത്ത് വീണു. കഴുത്തിലും മുഖത്തും കുത്തേറ്റതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.സമ്മർടൈം ലക്ചർ സീരീസിന് പ്രശസ്തമാണ് ഷടാക്വ ഇൻസ്റ്റിട്യൂഷൻ. ന്യൂയോർക്കിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് അദ്ദേഹത്തെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി.

അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.’സാഹിത്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും ലോകത്തെല്ലായിടത്തുമുള്ള എഴുത്തുകാർക്കും ഏറെ മോശമായ ദിനം. പാവം സൽമാൻ: അദ്ദേഹത്തിന് മുറിവേൽക്കാതിരിക്കട്ടെയെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാർഥിക്കുന്നു’. ബ്രിട്ടീഷ് എഴുത്തുകാരൻ വില്യം ഡാൽറിമ്പിൾ ട്വീറ്റ് ചെയ്തു.

സൽമാൻ റുഷ്ദിയുടെ ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരിൽ 1988 മുതൽ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. 1988-ൽ ഇറാൻ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. സൽമാൻ റുഷ്ദിയെ കൊലപ്പെടുത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം.

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 കൊല്ലമായി യുഎസിലാണ് താമസിക്കുന്നത്. 1975 ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ പ്രസിദ്ധീകൃതമാകുന്നത്. 1981 ൽ പുറത്തിറങ്ങിയ ‘മിഡ് നൈറ്റ്‌സ് ചിൽഡ്രൻ’ എന്ന പുസ്തകത്തിന് ബുക്കർ സമ്മാനം ലഭിച്ചു. ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരിൽ വിമർശം നേരിട്ട റുഷ്ദി പൊതുവിടങ്ങളിൽ നിന്ന് മാറി നിന്നിരുന്നു. 90 കളിൽ നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. 2007 ൽ സാഹിത്യത്തിന് നൽകിയ സംഭാവനകളുടെ പേരിൽ എലിബസത്ത് രാജ്ഞി അദ്ദേഹത്തിന് ‘സർ’ പദവി നൽകി ആദരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *