ആലുവാ : മതസൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും വേറിട്ട ഭൂമിയായി ആലുവാ അദ്വൈതാശ്രമം. ചെറിയപെരുന്നാള്‍ ദിവസം രാവിലെ ആലുവാ മസ്‌ജിദ് അല്‍ അന്‍സാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈദ്‌ഗാഹ് നമസ്‌കാരത്തിന് ഇക്കുറി ആലുവാ അദൈ്വതാശ്രമ ഭൂമിയാണ് വേദിയാവുന്നത്. അദ്വൈതാശ്രമത്തിന് എതിര്‍വശമുളള ആശ്രമം സ്ഥലത്താണ് ഈദ്‌ഗാഹ് ഒരുക്കുന്നത്.
ഏഷ്യയിലെ ആദ്യ സര്‍വമത സമ്മേളനത്തിന് വേദിയായ അദൈ്വതാശ്രമം അടുത്ത വര്‍ഷം സര്‍വമത സമ്മേളനത്തിന്റെ ശതാബ്ധി ആഘോഷിക്കും. പ്രളയകാലത്തും കോവിഡ് കാലത്തുമെല്ലാം അദ്വൈതാശ്രമം ഇതര മതസ്ഥാപനങ്ങളുമായി ചേര്‍ന്ന് മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ക്രൈസ്‌തവ മുസ്ലീം മതപണ്ഡിതരും വിശ്വാസികളുമായി ചേര്‍ന്ന് കുട്ടനാടിനൊരു കൈത്താങ്ങ് എന്ന നിലയില്‍ പ്രളയകാലത്ത് ലോഡ് കണക്കിന് ഭക്ഷ്യസാധനങ്ങളും വസ്‌ത്രങ്ങളുമാണ് നല്‍കിയത്.
ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ നേതൃത്വത്തില്‍ ആശ്രമത്തില്‍ നോമ്പുതുറയും സംഘടിപ്പിച്ചിട്ടുണ്ട്. മതവിദ്വേഷങ്ങള്‍ പടരുന്ന ലോകത്ത് സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷം വളര്‍ത്തുനന്തിനുളള സന്ദേശമെന്ന നിലയ്ക്കാണ് ആശ്രമം സ്ഥലത്ത് ഈദ്‌ഗാഹ് നമസ്‌കാരത്തിന് സൗകര്യം ഒരുക്കുന്നതെന്ന് സെക്രട്ടറി സ്വാമി ധര്‍മ ചൈതന്യ പറഞ്ഞു. മസ്‌ജിദ് അല്‍അസനാര്‍ ചീഫ് ഇമാം ടികെ അഹ്‌ദുള്‍ സലാം ,സെന്‍ട്രല്‍ ഈദ്‌ഗാഹ് കമ്മറ്റി കണ്‍വീനര്‍ അന്‍വര്‍ സാദത്ത് തോട്ടുമുഖം, എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.
