കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളി (ഐ.എസ്.എല്‍) ല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. ഉരുക്കുനഗരക്കാരായ ജംഷേദ്പൂരിനെതിരേ ഇന്നലെ കേരളാ ടീം തോറ്റത് എതിരില്ലാത്ത മൂന്നു ഗോളിന്. മൂന്നു മിനിറ്റിന്റെ ഇടവേളയില്‍ വഴങ്ങേണ്ടിവന്ന രണ്ടു പെനാല്‍റ്റികളാണു കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിധിയെഴുതിയത്. ഗ്രെഗ് സ്റ്റുവര്‍ട്ട് രണ്ടും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഡാനിയേല്‍ ചീമ ചുവ്കുവിന്റെ അവസാന പ്രഹരം ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി ഉറപ്പാക്കി. ജയത്തോടെ ഓവന്‍ കോയ്ലയുടെ കുട്ടികള്‍ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കു കയറി.നാലു മാറ്റങ്ങളുമായാണ് ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ഇതു പതിവു താളം കണ്ടെത്തുന്നതില്‍നിന്നു ടീമിനെ തടഞ്ഞു. മുന്നേറ്റനിരയില്‍ പെരേര ഡയസിന്റെ അഭാവം ബ്ലാസ്റ്റേഴ്സ് ആക്രമണത്തില്‍ പ്രതിഫലിച്ചു. മറുതലയ്ക്കല്‍ ജംഷേഡ്പൂരും കരുതലോടെയാണു കളി തുടങ്ങിയത്. ഇതോടെ ആദ്യപകുതിയില്‍ മികച്ച മുന്നേറ്റമൊന്നും പ്രകടമായതുമില്ല. 44-ാം മിനിറ്റില്‍ ജംഷേദ്പൂരിന് മുന്നിലെത്താന്‍ അവസരമൊരുങ്ങി.

പെനാല്‍റ്റി ബോക്സിനുള്ളില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിനെതിരേ പരുക്കന്‍ അടവു പുറത്തെടുത്ത ധനചന്ദ്രയുടെ ചെയ്തിയില്‍ റഫറി പെനാല്‍റ്റിയിലേക്കു വിരല്‍ചൂണ്ടി. കിക്കെടുത്ത സ്റ്റുവര്‍ട്ടിനു പിഴച്ചില്ല. ജംഷേഡ്പുര്‍ ഒരു ഗോളിനു മുന്നില്‍. സമനില പിടിക്കാന്‍ ലക്ഷ്യമിട്ട് രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടക്കംതന്നെ ആഘാതമാണു സമ്മാനിച്ചത്. പന്തുരുണ്ട് മൂന്നാം മിനിറ്റില്‍ത്തന്നെ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ പന്തുമായി കുതിച്ചെത്തിയ ബോറിസിനെ ലെസ്‌കോവിച്ച് വീഴ്ത്തി. രണ്ടാമതൊന്ന് ആലോചിക്കാതെ റഫറി വീണ്ടും പെനാല്‍റ്റി വിധിച്ചു. ആദ്യപെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച സ്റ്റുവര്‍ട്ട് തന്നെ രണ്ടാം കിക്കിനായും മുന്നോട്ടുവന്നു. വലത്തോട്ടു ചാടിയ ഗോളി ഗില്ലിനെ കബളിപ്പിച്ച് സ്റ്റുവര്‍ട്ട് വലയില്‍ പന്തെത്തിച്ചു. തന്റെയും ടീമിന്റെയും രണ്ടാം ഗോളിന് അവകാശിയായ സ്റ്റുവര്‍ട്ട് ജംഷെദ്പൂരിന് അനിഷേധലീഡ് നല്‍കുകയും ചെയ്തു. ഇതോടെ ആകെ വിരണ്ട ബ്ലാസ്റ്റേഴ്സിന്റെ വിവശതയിലേക്കു മൂന്നാം ഗോളടിച്ച് ജംഷേദ്പൂര്‍ പട്ടിക തികച്ചു. ഫ്രീകിക്കിലൂടെ സ്റ്റുവര്‍ട്ടാണു ഗോളിന്റെ പിറവിക്കു യഥാര്‍ഥ കാരണക്കാരനായത്.പന്ത് പിടിച്ചെടുത്ത് ബോറിസ് ബോക്സിലേക്കു ക്രോസ് നല്‍കി. സുന്ദരമായ വലംകാല്‍ വോളിയിലൂടെ ഡാനിയേല്‍ ചിമ ബ്ലാസ്റ്റേഴ്സ് വലകുലുക്കി. മൂന്നു ഗോളിന്റെ കമ്മി നികത്താന്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്കു പതിച്ചു. ബ്ലാസ്റ്റേഴ്സിനും ബംഗളുരുവിനും എ.ടി.കെ. മോഹന്‍ ബഗാനും 23 പോയന്റാണുള്ളതെങ്കിലും ഗോള്‍ശരാശരി ബ്ലാസ്റ്റേഴ്സിനു വിനയായി. 14 കളിയില്‍ 25 പോയിന്റുമായി ജംഷേദ്പൂര്‍ രണ്ടാമതെത്തി. ഐ.എസ്.എല്ലില്‍ ഇന്ന് ഹൈദരാബാദിനെ ബംഗളുരു നേരിടും.

Share
അഭിപ്രായം എഴുതാം