തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാതകളും സംസ്ഥാന പാതകളും വീതി കൂട്ടുന്നത് കെ- റെയിൽ സിൽവർ ലൈൻ പദ്ധതിക്കു ദോഷമാകുമെന്നു വിശദമായ പദ്ധതി രേഖയിൽ (ഡിപിആർ) വിലയിരുത്തൽ. ഡിപിആറിലെ ട്രാവൽ ഡിമാൻഡ് ഫോർകാസ്റ്റ് എന്ന ഭാഗത്തെ 149 മുതൽ 152 വരെയുള്ള പേജുകളിലാണ് മറ്റു ഗതാഗത പദ്ധതികൾ സിൽവർലൈനിനെ എങ്ങനെ ബാധിക്കുമെന്നു വിലയിരുത്തുന്നത് .
റോഡുകളുടെ വീതി കൂട്ടുന്നതോടെ ഈ റോഡുകളിലൂടെയുള്ള യാത്ര സുഗമമാകുകയും യാത്രാ സമയം കുറയുകയും ചെയ്യും. ചെലവു കുറഞ്ഞ റോഡ് യാത്രയെ ജനം കൂടുതൽ ആശസ്റ്റയിക്കുന്നതോടെ സിൽവർ ലൈനിലെ യാത്രക്കാരുടെ എണ്ണം കുറയുമെന്നും ഡിപിആറിൽ പറയുന്നു. എന്നാൽ, വീതി കൂട്ടുന്നതിനൊപ്പം ദേശീയ, സംസ്ഥാന ഹൈവേകളിൽ ടോൾ പിരിവ് വന്നാൽ റോഡ് മാർഗമുള്ള യാത്രയുടെ ചെലവ് കൂടുമെന്നും. അപ്പോൾ ജനം സിൽവർലൈനിലേക്ക് മാറാമെന്നും ഡിപിആർ നിരീക്ഷിക്കുന്നു.
. ദേശീയപാത 66, ദേശീയപാത 766, സ്റ്റേറ്റ് ഹൈവേ 69 തുടങ്ങി സിൽവർ ലൈനിനു സമാന്തരമായ പാതകളുടെ വീതി കൂട്ടലും ബൈപാസുകളുടെ നിർമാണവും സിൽവർലൈനിലെ യാത്രക്കാരുടെ എണ്ണം കുറയുന്നതിനിടയാക്കും. പാതയിലെ വളവുകൾ നിവർത്തി വേഗം കൂട്ടുന്നതും കൂടി നടന്നാൽ സിൽവർലൈനിൽ യാത്രക്കാർ കുറഞ്ഞേക്കാം. നിലവിലെ ട്രെയിൻ യാത്രാനിരക്കുകൾ കൂട്ടിയില്ലെങ്കിൽ സ്ലീപ്പറിലും തേർഡ് എസിയിലും യാത്ര ചെയ്യുന്നവർ സിൽവർ ലൈനിലേക്കു മാറാൻ തയാറായേക്കില്ലെന്നും ഡിപിആറിലുണ്ട്. ഇതേസമയം, സിൽവർലൈൻ സ്റ്റേഷനുകളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന ഫീഡർ റോഡുകൾ വീതി കൂട്ടുന്നതും നവീകരിക്കുന്നതും കൂടുതൽ യാത്രക്കാരെ എത്തിക്കുമെന്നും ഡിപിആർ ചൂണ്ടിക്കാട്ടുന്നു. വിലയിരുത്തുന്നു.
വൈദ്യുത വാഹനങ്ങളുടെ വരവ് സിൽവർ ലൈനിനു തടസ്സമാകില്ലെന്നു പദ്ധതി രേഖയിൽ വിലയിരുത്തുന്നു. യാത്രച്ചെലവ് കുറവാണെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വില കാരണം ആകെ ചെലവ് ഉയർന്നു തന്നെ നിൽക്കുന്നതാണു കാരണം കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഉപയോഗിച്ചു സർവീസ് നടത്തിയാലും യാത്രാ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയില്ലെന്നും ഡിപിആർ ചൂണ്ടിക്കാട്ടുന്നു.


