ദുബായ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഇന്നു നടക്കും. ദുബായ് ക്രിക്കറ്റ് സ്റ്റേഡിത്തില്‍ നടക്കുന്ന ഗ്രൂപ്പ് 2 മത്സരം വൈകിട്ട് 7.30 മുതലാണ്. പ്രവചനങ്ങളിലും കണക്കുകളിലും ഇന്ത്യ മുന്നിട്ടു നില്‍ക്കുകയാണ്.ലോകകപ്പുകളില്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ലെന്ന ചരിത്രം തിരുത്താനുറച്ചാണു പാകിസ്താന്റെ വരവ്. രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുണ്ട്. ഇന്ത്യ കണക്കുകളില്‍ വിശ്വാസം അര്‍പ്പിച്ചിറങ്ങുമ്പോള്‍ ബാബര്‍ അസം നയിക്കുന്ന പാക് നിര ഇത്തവണ എളുപ്പം തോറ്റുകൊടുക്കുന്നവരല്ല. സന്നാഹ മത്സരത്തില്‍ അവര്‍ നിലവിലെ ചാമ്പ്യന്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയോടു പൊരുതിത്തോറ്റു. സന്നാഹ മത്സരത്തില്‍ ഇം ണ്ടിനേയും ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ചാണ് ഇന്ത്യയുടെ വരവ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ട്വന്റി20 യില്‍ എട്ടു തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. അതില്‍ ഏഴു തവണയും ജയം ഇന്ത്യക്കായിരുന്നു. 2012 ഡിസംബര്‍ 25 നാണു പാകിസ്താന്റെ ആദ്യത്തേയും അവസാനത്തേയും ജയം. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ പാകിസ്താനാണ് മുന്‍തൂക്കം. ഇരുവരും തമ്മില്‍ 132 ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 73 തവണ പാകിസ്താനും 55 തവണ ഇന്ത്യയും ജയിച്ചു. നാല് മത്സരങ്ങള്‍ ഫലമില്ലാതെ പോയി. 59 ടെസ്റ്റുകളില്‍നിന്ന് ഇന്ത്യ ഒന്‍പത് ജയങ്ങളും പാകിസ്താന്‍ 12 ജയങ്ങളും നേടി. 38 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഇരുവരും തമ്മില്‍ ആകെ 199 മത്സരങ്ങള്‍ കളിച്ചു. വിജയക്കണക്കില്‍ 86-70 എന്ന നിലയില്‍ പാകിസ്താന്‍ മുന്നിലാണ്. 43 മത്സരങ്ങള്‍ക്കു ഫലമുണ്ടായില്ല.
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏകദിന ലോകകപ്പില്‍ ഏഴു തവണ ഏറ്റുമുട്ടി. ഏഴിലും ജയിക്കാന്‍ ഇന്ത്യക്കായി. അവസാനമായി 2019 ലെ ഏകദിന ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. അഞ്ച് തവണയാണു ട്വന്റി20 ലോകകപ്പില്‍ നേര്‍ക്കുനേരെത്തിയത്. അഞ്ച് തവണയും ഇന്ത്യ ജയിച്ചു. 2017 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചു കിരീടം നേടാന്‍ പാകിസ്താനായി. ഇരു ടീമും തമ്മിലുള്ള ട്വന്റി20 മത്സരങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. 2012 ല്‍ അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്ണാണ് ഇന്ത്യ അടിച്ചെടുത്തത്. കുറഞ്ഞ ടീം സ്‌കോര്‍ എന്ന നാണക്കേട് പാകിസ്താന്റെ പേരിലാണ്. 2016 ലെ ഏഷ്യാ കപ്പില്‍ 83 റണ്ണിനാണു പാക് നിരയെ ഇന്ത്യ തകര്‍ത്തത്. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പേരിലാണ്. 2012 ലോകകപ്പിലെ കൊളംബോയില്‍ നടന്ന മത്സരത്തില്‍ 78 റണ്ണാണു കോഹ്ലി നേടിയത്. മികച്ച ബൗളിങ് പ്രകടനം പാകിസ്താന്റെ മുഹമ്മദ് ആസിഫിന്റെ പേരിലാണ്. 2007 ലെ ലോകകപ്പില്‍ 18 റണ്‍ വിട്ടുകൊടുത്ത ആസിഫ് നാല് വിക്കറ്റെടുത്തു. ഈ മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായി. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ ബോള്‍ ഔട്ടിലാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത്. പ്രഥമ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാണു ജേതാക്കളായത്. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 157 റണ്ണെടുത്തു. 54 പന്തില്‍ 75 റണ്ണെടുത്ത ഗൗതം ഗംഭീറാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
രോഹിത് ശര്‍മയുടെ 16 പന്തില്‍ 30 റണ്ണും മത്സരത്തില്‍ നിര്‍ണായകമായി. മുഹമ്മദ് ഹഫീസ്, കമ്രാന്‍ അക്മല്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവരെ പുറത്താക്കി ആര്‍.പി. സിങ് ഇന്ത്യക്കു മികച്ച തുടക്കം നല്‍കി. നായകന്‍ മിസ്ബ ഉള്‍ ഹഖിന്റെ ചെറുത്തു നില്‍പ്പ് പാകിസ്താന് കിരീട പ്രതീക്ഷ നല്‍കി. ഹര്‍ഭജന്‍ സിങ് എറിഞ്ഞ 17-ാം ഓവറില്‍ മൂന്ന് സിക്സറുകള്‍ പറത്തിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 13 റണ്‍. നായകന്‍ എം.എസ്. ധോണി എറിയാന്‍ ഏല്‍പ്പിച്ചത് പരിചയ സമ്പത്ത് കുറഞ്ഞ ജൊഗീന്ദര്‍ സിങ്ങിനെ. ആദ്യ പന്ത് വൈഡായി. ഫുള്‍ടോസായി വന്ന പന്ത് മിസ്ബ സിക്സറിന് പറത്തി. ജൊഗിന്ദറിനെ ലെഗ് സൈഡ് സ്‌കൂപ്പ് ചെയ്യാനുള്ള മിസ്ബയുടെ ശ്രമം ശ്രീശാന്തിന്റെ കൈയില്‍ ഒതുങ്ങിയതോടെ കിരീടം ഇന്ത്യക്ക്.



