തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി.സതീശൻ സർക്കാർ അധികാരമേൽക്കുന്നതിന് പിന്നാലെ പോലീസ് സംവിധാനത്തിൽ വൻ അഴിച്ചുപണിക്ക് ഒരുക്കം. നിലവിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനം പൂർണമായും ഉടച്ചുവാർക്കും.സ്റ്റേഷൻ ഭരണം വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് കൈമാറാനാണ് പുതിയ സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പഴയ സർക്കിൾ ഇൻസ്പെക്ടർ സംവിധാനം തിരിച്ചുകൊണ്ടുവരും. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ തയാറാക്കിയിട്ടുണ്ട്.
രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന പഴയ രീതി നിലവിൽ വരും.
ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഈ റിപ്പോർട്ട് സമർപ്പിക്കും. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ പ്രധാന സ്റ്റേഷനുകൾ ഒഴികെ രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന പഴയ രീതി നിലവിൽ വരും.പ്രതിവർഷം 3000ൽ അധികം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന വലിയ സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇനി ഇൻസ്പെക്ടർമാർ എസ്എച്ച്ഓമാരായി തുടരുക. ആയിരത്തിൽ താഴെ മാത്രം എഫ്ഐആർ വരുന്ന ബി, സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഓ പദവി മാറി ഭരണം പൂർണ്മായും എസ്ഐമാർക്ക് കൈമാറും.
പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് എസ്എച്ച്ഓമാരായി ഇൻസ്പെക്ടർമാരെ നിയമിച്ചത്.
സ്റ്റേഷൻ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഇൻസ്പെക്ടർമാരെ സൈബർ സെൽ, പോക്സോ ഡിവിഷനുകൾ തുടങ്ങിയ പ്രത്യേക അന്വേഷണ വിഭാഗങ്ങളിൽ നിയമിക്കും. പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്തെ 480 പോലീസ് സ്റ്റേഷനുകളിലും എസ്എച്ച്ഓമാരായി ഇൻസ്പെക്ടർമാരെ നിയമിച്ചത്.
ലഹരി വിരുദ്ധ പ്രചാരണങ്ങൾ ശക്തമാക്കുന്നതിനുള്ള പുതിയ കർമ്മപദ്ധതികൾ നടപ്പിലാക്കും
ഈ സംവിധാനമാണ് പുതിയ സർക്കാർ തിരുത്താൻ ഒരുങ്ങുന്നത്. സ്റ്റേഷൻ ഭരണത്തിലെ മാറ്റങ്ങൾക്ക് പുറമേ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണങ്ങൾ ശക്തമാക്കുന്നതിനുള്ള പുതിയ കർമ്മപദ്ധതികളും ഡിജിപിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. പുതിയ സർക്കാരിന്റെ ആദ്യത്തെ പ്രധാന നയപരമായ തീരുമാനങ്ങളിലൊന്നാകും പോലീസിലെ ഈ വൻ അഴിച്ചുപണി.