മാവേലിക്കര: കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു രാജിവച്ചു. രാജിവെക്കുകയാണെന്ന് രാഹുല്‍ മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. 2008 മുതൽ താൻ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ആണെന്നും ഇടതുപക്ഷക്കാരനായിട്ട് പോലും തനിക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് രാജി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ ഡോക്ടർ രാഹുല്‍ മാത്യു പറഞ്ഞു.
കഴിഞ്ഞ മെയ് 14 നാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രൻ ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. കോവിഡ് ബാധിത ആയിരുന്നു അഭിലാഷിന്റെ അമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ മർദ്ദിച്ചത്.
ജൂൺ ഏഴിന് അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു എന്നാൽ കോവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്.
