ലഖ്നൗ: ഉത്തർപ്രദേശിൽ പ്രസവശസ്ത്രക്രിയയെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു , ശസ്ത്രക്രിയ നടത്തിയത് എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വ്യാജ ഡോക്ടർ. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശി രാജാറാമിന്റെ ഭാര്യയും നവജാതശിശുവുമാണ് മരിച്ചത്. സംഭവത്തിൽ സുൽത്താൻപുർ സൈനിയിലെ മാ ശാരദ ആശുപത്രിയിലെ വ്യാജഡോക്ടർ രാജേന്ദ്ര ശുക്ല, ആശുപത്രി ഉടമ രാജേഷ് സഹ്നി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
18/03/21 വ്യാഴാഴ്ചയാണ് സുൽത്താൻപുർ സ്വദേശി രാജറാം തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തിൽ പോലീസിൽ പരാതി നൽകിയത്. ആശുപത്രി അധികൃതരുടെ അലംഭാവമാണ് ഇരുവരും മരിക്കാൻ കാരണമായതെന്നായിരുന്നു ആരോപണം. തുടർന്ന് സുൽത്താൻപുർ പോലീസ് ആശുപത്രിയിൽ പരിശോധന നടത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്.
ശസ്ത്രക്രിയ നടത്തിയ രാജേന്ദ്ര ശുക്ല വ്യാജ ഡോക്ടറാണെന്നും ഇയാൾ എട്ടാംക്ലാസിൽ പഠനം നിർത്തിയ ആളാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഷേവിങ് ബ്ലേഡുകൾ ഉപയോഗിച്ചായിരുന്നു ആശുപത്രിയിൽ പ്രസവശസ്ത്രക്രിയകളടക്കം നടത്തിയിരുന്നത്. സ്വകാര്യ ആശുപത്രിക്ക് രജിസ്ട്രേഷനില്ലെന്നും ഏതാനും വ്യാജഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ചാണ് രാജേഷ് സഹ്നി ആശുപത്രി പ്രവർത്തിപ്പിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.



