തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബഡായി ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ബജറ്റുകളില്‍ നൂറ് കണക്കിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിച്ച ധനകാര്യമന്ത്രി തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് ധാരാളം വാഗ്ദാനങ്ങള്‍ വാരിക്കോരി ജനങ്ങളെ കബളിപ്പിക്കുയാണ് ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അത് നടന്നില്ല. ഇപ്പോള്‍ ഡിജിറ്റല്‍ മേഖലയില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പറയുന്നത്. ചുരുക്കത്തില്‍ കേരളത്തിലെ മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്കിയ ശേഷം തമിഴ്നാട്ടിലുള്ളവര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് ഐസക് നടത്തിയതെന്നും ചെന്നിത്തല പരിഹസിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ ഏകനേട്ടമെന്നത് ഐസക് മൂന്നേകാല്‍ മണിക്കൂര്‍ പ്രസംഗിച്ചു എന്നതാണ്. യാഥാര്‍ഥ്യബോധമില്ലാത്ത സംസ്ഥാനത്തെ സാമ്പത്തിക നിലയെ സംബന്ധിച്ച കാഴ്ചപ്പാടുള്ള ബജറ്റായി വിലയിരുത്താനാകില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.




