റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്‌എസ്‌എല്‍സി പരീക്ഷയും, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനം

December 17, 2020 - 3:04 pm

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ 17/12/20 വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.

ജൂണ്‍ ഒന്നുമുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.

മാതൃകാപരീക്ഷകളും വിദ്യാര്‍ഥികളുടെ മാനസികസംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്‌കൂള്‍ തലത്തില്‍ നടത്തും. ഇതിനുവേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെ സ്‌കൂളില്‍ പോവാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കും.

സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലെ എല്ലാ ക്ലാസുകളും കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായി നടക്കുകയാണ്. അത് ഈ നിലയില്‍ തുടരും. കോളജ് തലത്തില്‍ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ഥികളെ വെച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും.

കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ഥികളുടെ എണ്ണം ഭാഗിച്ച്‌ പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. യോഗത്തില്‍ മന്ത്രിമാരായ കെ കെ ശൈലജ, സി രവീന്ദ്രനാഥ്, ഡോ. കെ ടി ജലീല്‍, വി എസ് സുനില്‍കുമാര്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *