തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങളില്‍ പെടുന്നവര്‍ പരാതിപ്പെടാന്‍ മടിക്കരുതെന്ന് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വയനാട് നടത്തിയ വെബ്ബിനാര്‍ ആഹ്വാനം ചെയ്തു. കോവിഡിന് ശേഷം രൂപപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ സമൂഹത്തിലെ വലിയൊരു ജനവിഭാഗം ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സാങ്കേതികമായി വലിയ അറിവില്ലാത്ത ആളുകളെ ചൂഷണം ചെയ്തുകൊണ്ട് ആനുപാതികമായി സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംഘടിപ്പിച്ച വെബ്ബിനാറില്‍ മേപ്പാടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവല്‍ പോലീസ് ഓഫീസര്‍ ശ്രീ അബ്ദുള്‍ സലാം സൈബര്‍ സുരക്ഷയെക്കുറിച്ച് ക്ലാസ് എടുത്തു. സൈബര്‍ ആക്രമണങ്ങളില്‍ പെടുന്നവര്‍ ഭയം കൂടാതെ പോലീസില്‍ പരാതിപ്പെട്ടാല്‍ മാത്രമാണ് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനാകുകയെന്നും ഭയം സൈബര്‍ ചൂഷണങ്ങള്‍ വര്‍ദ്ധിപ്പിക്കാനേ ഉപകാരപ്പെടൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ വര്‍ദ്ധിച്ചപ്പോള്‍ കുട്ടികള്‍ വ്യാപകമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുട്ടികളെ വഴിതെറ്റിക്കാന്‍ ഓട്ടേറെ വഴികള്‍ ഉള്ള ഇന്‍റര്‍നെറ്റ് അവര്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം തീര്‍ച്ചായയും ഉണ്ടായിരിക്കണം. നമ്മള്‍ പ്രതീക്ഷിക്കാത്ത പല ചതിക്കുഴികളുമാണ് ഇന്‍റര്‍നെറ്റില്‍ കുട്ടികളെ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തമായി മനസിലാക്കാതെ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളും ഉപയോഗിക്കരുതെന്നും വെബ്ബിനാര്‍ നിര്‍ദ്ദേശിച്ചു. സംയോജിത പട്ടികവര്‍ഗ വികസന പദ്ധതി, വയനാടുമായി സഹകരിച്ചാണ് വെബ്ബിനാര്‍ സംഘടിപ്പിച്ചത്. വയനാട്ടിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും സോഷ്യല്‍ വര്‍ക്കര്‍മാരും പ്രമോട്ടര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ പ്രജിത്ത് കുമാര്‍ എം.വി., ശ്രീ. സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




