ശബരിമല: മണ്ഡല മകരവിളക്കുകാലത്ത് ശബരിമലയില്‍ വരുമാനത്തില്‍ വന്‍ കുറവുണ്ടാകുന്നതില്‍ ആശങ്കപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍. ശമ്പളവും ആനുകൂല്ല്യങ്ങളും മുടങ്ങുമോയെന്നെ ആശങ്കയിലാണ് ഇവര്‍. ശമ്പളവും ആനുകൂല്ല്യങ്ങളും നല്‍കാനാവതെ ബോര്‍ഡ് ബുദ്ധിമുട്ടുന്നതിനിടെയാണ് കോവിഡ് നിയന്ത്രണം തീര്‍ത്ഥാടനത്തെ ബാധിച്ചത്.
മണ്ഡല തീര്‍ത്ഥാടനകാലത്തെ നടവരവാണ് ബോര്‍ഡിന്റെ പ്രധാന വരുമാനം. കഴിഞ്ഞ തവണ 260 കോടിയായിരുന്നു നടവരവ്. വിവിധ ആവശ്യങ്ങള്‍ക്കായി 60 കോടി രൂപ മാറ്റി വച്ച് ശേഷിക്കുന്ന തുക കൊണ്ടാണ് ദേവസ്വം ജീവനക്കാരുടെ ശമ്പളവും വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകളും നടത്തിയത്. ഇത്തവണ നടവരവ് കുത്തനെ കുറയും. ശമ്പളത്തിനും ഇതര ആനുകൂല്ല്യങ്ങള്ക്കുമായി പ്രതിമാസം 30കോടി രൂപയും പെന്ഷന് ഉള്‍പ്പടെയുളള ആവശ്യങ്ങള്‍ക്കായി 10 കോടി രൂപയും വേണം.
1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളളത്. ഇതില്‍ 65 ക്ഷേത്രങ്ങള്‍ക്കേ കാര്യമായ വരുമാനമുളളു. അടുത്തമാസത്തെ ശമ്പളം പെന്ഷന് തുടങ്ങിയവക്കായി 150 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയ ദുരിതാശ്വാസമായി 100കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ 60 കോടിയാണ് ലഭിച്ചത്.



