കോഴിക്കോട്: കെ എം ഷാജി എംഎല്‍എ ഭാര്യയുടെ പേരിലുള്ള വീട് നിര്‍മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പറേഷന്‍ നിരസിച്ചു. പുതുക്കിയ പ്ലാനിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പ്ലാനിലേയും വീടിന്റേയും അളവുകളില്‍ കാര്യമായ പൊരുത്തക്കേടുണ്ടെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. ഇത് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച (06/11/2020) നേരിട്ട് നോട്ടീസ് നല്‍കും.
3200 ചതുരശ്ര അടിയില്‍ നിര്‍മിക്കാനായിരുന്നു അനുമതിയെങ്കിലും 5420 ചതുരശ്ര അടി വലിപ്പത്തിലാണ് വീട് നിര്‍മിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വീട് പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനുള്ള നോട്ടീസ് നല്‍കി.
ഇതിന് പിന്നാലെ ഇതുവരെയുള്ള നികുതിയും പിഴയുംചേര്‍ത്ത് 1.53 ലക്ഷം രൂപ കോർപ്പറേഷനില്‍ അടയ്ക്കാനും നിര്‍ദേശിച്ചു. പിഴയടയ്ക്കാമെന്നും വീട് നിര്‍മാണം ക്രമപ്പെടുത്തിനല്‍കണമെന്നും ആവശ്യപ്പെട്ട് ഷാജിയുടെ ഭാര്യ ആശ അപേക്ഷ നല്‍കി. എന്നാല്‍, ഇതുവരെയും പിഴയടച്ചില്ല. ക്രമപ്പെടുത്തല്‍ നടപടികളിലേക്ക് കടക്കണമെങ്കില്‍ പിഴയടക്കണം.
വീട് നിര്‍മാണത്തിന് സ്ഥലം കൈയേറിയെന്ന സംശയവും കോര്‍പറേഷന്‍ അധികൃതര്‍ ഉന്നയിച്ചിട്ടുണ്ട്. ആഡംബര വീട് നിര്‍മിക്കുമ്ബോള്‍ പാലിക്കേണ്ട ചട്ടങ്ങളില്‍ പലതും ഷാജി ലംഘിച്ചതായും കണ്ടെത്തി. വെളളിയാഴ്ച സമർപ്പിക്കുന്ന നോട്ടീസില്‍ ഇക്കാര്യങ്ങൾ വ്യക്തമാക്കുമെന്നാണ് സൂചന.