കൂട് പൊളിച്ച് ചാടിയ കടുവ സഫാരി പാർക്കിനകത്തു തന്നെ

തിരുവനന്തപുരം: നെയ്യാറിൽ സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് പുറത്തിറങ്ങി ആശങ്ക പരത്തിയ കടുവ പാർക്കിനകത്തു തന്നെയുണ്ടെന്ന് റേഞ്ച് ഓഫീസർ. കടുവയെ ഗേറ്റിനടുത്ത് കണ്ടതായി റേഞ്ച് ഓഫീസർ പറഞ്ഞു. കടുവ നെയ്യാർ ഡാമിൻ്റെ റിസർവോയറിൽ ചാടിയെന്ന സംശയം മൂലം ശനിയാഴ്ച (31/10/2020) രാത്രി ബോട്ടുകളിൽ പരിശോധന നടത്തുകയും പ്രദേശവാസികളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വയനാട്ടിലെ ചീയമ്പത്തുനിന്ന് പിടികൂടി തിരുവനന്തപുരം നെയ്യാര്‍ സഫാരി പാര്‍ക്കിലെത്തിച്ച പെണ്‍കടുവ ശനിയാഴ്ച (31/10/2020) ഒരു മണിയോടെയാണ് കൂടിന്റെ കമ്പി ഇളക്കി പുറത്തു ചാടിയത് . പാര്‍ക്കിൽ മൃഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന സ്ഥലത്തെ കൂട്ടില്‍നിന്നാണ് കടുവ ചാടിയത്.

തെരച്ചിലിന് ഒടുവില്‍ വൈകിട്ട് നാലോടെ പാര്‍ക്കിന്റെ പിന്‍ഭാഗത്തെ ഗേറ്റിന് സമീപം കടുവയെ കണ്ടെത്തിയെങ്കിലും കൂട്ടിലാക്കാന്‍ സാധിച്ചില്ല. മയക്കുവെടി വച്ച്‌ കൂട്ടിലാക്കാനുള്ള ശ്രമം തുടര്‍ന്നെങ്കിലും, കടുവ പാര്‍ക്കിന്റെ മധ്യഭാഗത്തേക്ക് നീങ്ങി. പത്തേക്കറോളം വിസ്തൃതിയുള്ള പാര്‍ക്കിനുള്ളില്‍ ഹെലി ക്യാം അടക്കം ഉപയോഗിച്ചാണ് ശനിയാഴ്ച തെരച്ചില്‍ നടത്തിയത്. രാത്രിയോടെ കടുവ ഡാമിൻ്റെ റിസർവോയറിൽ ചാടി എന്ന ആശങ്ക പടരുകയും ചെയ്തു. മയക്കുവെടി വച്ച് കടുവയെ കൂട്ടിലാക്കാനുള്ള ശ്രമം ഞായറാഴ്ചയും (1/11/2020) തുടരും.

Share
അഭിപ്രായം എഴുതാം