ദളിത് യുവാവിന്‍റെ മരണത്തില്‍ പോലീസ് അന്വേഷമം ഊര്‍ജ്ജിതമാക്കി

ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തയ്യേനിയില്‍ ദളിത് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. തയ്യേനി ആലടി കോളനിയിലെ പാപ്പിനി വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ പി കെ മനുവാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മനുവിന്‍റെ മരണത്തില്‍ ദുരൂഹതയുളളതായി ആരോപണമുയര്‍ന്നിരുന്നു. കാഞ്ഞാങ്ങാട് ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വെളളരിക്കുണ്ട് സിഐ കെ.പ്രേംസദന്‍, ചിറ്റാരിക്കല്‍ സിഐ പി.രാജേഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അന്വേഷണത്തിന്‍റെ ഭാഗമായി സംഭവം നടന്ന കിണറും പരിസരവും തയ്യേനിയിലെ മനുവിന്റ വീടും സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. മനു പൂര്‍ണ്ണനഗ്നനായിട്ടാണ് കിണറില്‍ മരിച്ചുകിടന്നിരുന്നത്. ഇയാളുടെ വസ്ത്രങ്ങള്‍ കുറച്ച് ദൂരെമാറി പോലീസ് നേരത്തേ കണ്ടെടുത്തിരുന്നു. വസ്ത്രം കിടന്നിരുന്ന സ്ഥലത്ത് പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

ജില്ലാ പോലീസ് മേധാവി ശില്‍പ്പയുള്‍പ്പടെയുളളവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചശേഷമാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന കാര്യത്തില്‍ പോലീസും സ്ഥിരീകരിച്ചത് .വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

Share
അഭിപ്രായം എഴുതാം