തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എയുടെ പേരുകൂടി പുറത്ത് വന്നതോടെ സ്വര്‍ണക്കടത്ത് കേസില്‍ ചങ്കിടിപ്പ് വര്‍ധിക്കുന്നവരെ കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണതലത്തില്‍ സംഭവിക്കുന്ന ജീര്‍ണത അന്വേഷണ ഏജന്‍സികളേയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നടപടിക്രമങ്ങളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ പിന്നോട്ട് പോകുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നു. അതുകൊണ്ടാണ് സിബിഐ അന്വേഷണം മുന്‍കാല പ്രാബല്യത്തോടെ തടയാന്‍ സി പിഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്രബിന്ദുവായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കസ്റ്റഡിയിലെടുക്കാത്തതും ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഈ പദ്ധതിയുടെ ചെര്‍മാന്‍കൂടിയായ മുഖ്യമന്ത്രിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാത്തതും കേന്ദ്ര അന്വേഷണം ശരിയായ വിധത്തിൽ അല്ലെന്നതിന്റെ ഉദാഹരണമാണ്.
സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ നടന്ന അന്വേഷണത്തില്‍ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള എല്ലാ തെളിവുകളും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നെങ്കിലും അവര്‍ അതിന് തയാറായില്ല.
ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം തേടാനുള്ള അവസരവും നല്‍കി. വിദേശനാണയ വിനിമയ ക്രമക്കേട് കൃത്യമായി കണ്ടെത്തിയ ലൈഫ് മിഷന്‍ കേസിലും നിയമപോരാട്ടത്തിന് കളമൊരുക്കി. പദ്ധതി ചെയര്‍മാനായ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൊടുവള്ളി എംഎല്‍എക്കെതിരായ മൊഴി ഉണ്ടായിട്ടും അതേകുറിച്ച് അന്വേഷിക്കാനോ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ കസ്റ്റംസ് തയാറാകാത്തതും ബിജെപിയും സിപിഐ എമ്മും ദേശീയതലത്തില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എന്നും മുല്ലപ്പള്ളി ആരോപിച്ചു.



