പാട്‌ന : ബീഹാര്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം. നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഗ്രാമ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്.
ചൊവ്വാഴ്ച ( 20/10/20) രാത്രിയാണ് സെക്രട്ടറിയേറ്റിന്റെ താഴത്തെ നിലയില്‍ നിന്ന് തീപടര്‍ന്നത്. ഏറെ മണിക്കൂറുകൾക്ക് ശേഷമാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പ്രധാനപ്പെട്ട ഫയലുകളും രേഖകളും നശിച്ചിട്ടുണ്ടെന്ന് ബീഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
അതേ സമയം തീപ്പിടുത്തം അഴിമതി മറച്ചു വയ്ക്കാനുള്ള സർക്കാരിൻ്റെ ഗൂഡാലോചനയുടെ ഫലമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനായിരുന്നു തീപിടുത്തമെന്നും പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍ജെഡി വാക്താവ് ചിത്രഞ്ജന്‍ ഗഗന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം തോറ്റാല്‍ തെളിവുകള്‍ പുറത്ത് വരാതരിക്കാനാണ് ഈ നീക്കമെന്നും ആരോപണം. അറുപതിലേറെ ആരോപണങ്ങള്‍ സര്‍ക്കാരിന് എതിരെയുണ്ടെന്നും തങ്ങള്‍ അടുത്ത തവണ അധികാരത്തില്‍ എത്തില്ലെന്ന് ജനതാദള്‍ യുണെറ്റഡും ബിജെപിയും തിരിച്ചറിഞ്ഞുവെന്നും ചിത്രരഞ്ജന്‍ ഗഗന്‍.
