റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോര്‍ജ്ജുകുട്ടിയും റാണിയും ശരീരഭാരം കുറച്ചതിനെ കുറിച്ച് ജീത്തു ജോസഫിന്റെ രസകരമായ മറുപടി

October 17, 2020 - 9:40 am

കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നത്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ഇത്തവണയും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ദുരന്തത്തില്‍ നിന്നും അതീജിവിച്ച ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും പിന്നീടുളള ജീവിതമാണ് ദൃശ്യം 2വില്‍ കാണിക്കുന്നത്.

ഏറെ സസ്‌പെന്‍സുകളും വൈകാരിക മൂഹൂര്‍ത്തങ്ങളും ഉളള ഒരു ചിത്രമായിരിക്കും ദൃശ്യം 2വെന്ന് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അതേസമയം ദൃശ്യം 2വില്‍ ജോര്‍ജ്ജുകുട്ടിയും റാണിയും ശരീരഭാരം കുറച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകന്‍ ജീത്തു ജോസഫിന്റെ മറുപടി രസകരമായിരുന്നു. ടെന്‍ഷനടിച്ചിട്ട് കുറഞ്ഞു പോയതായിരിക്കും എന്നാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞത്.

ഏഴ് വര്‍ഷമായിട്ട് അവര് ഇതില്‍ തന്നെയാണല്ലോ നില്‍ക്കുന്നത്. ഒരു സംഭവം ചെയ്തിട്ട് ചുമ്മാ അങ്ങനെ സമാധാനത്തോടെ ഇരിക്കാന്‍ ഇവർ പ്രൊഫഷണല്‍ ആള്‍ക്കാര് ഒന്നുമല്ലല്ലോ, അറിയാതെ ഒരു അബദ്ധം പറ്റി. സ്വാഭാവികമായും അത് അവരെ വേട്ടയാടും. അതാണ് സിനിമയുടെ ഒരു ഇത്.

അവരുടെ മാനസികമായ ബുദ്ധിമുട്ടുകളും അവരുടെ ടെന്‍ഷനുകളും ഒകെയാണ് സിനിമയുടെ ഒരു ഉളളടക്കം.ഒരു ഫാമിലി ഡ്രാമ ചിത്രമാണ് ദൃശ്യം 2, അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു. 2013ലായിരുന്നു ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

വലിയ ഹൈപ്പുകളില്ലാതെ എത്തിയ ദൃശ്യം ഒന്നാം ഭാഗം അന്ന് മലയാളത്തിലെ എറ്റവും വലിയ വിജയ ചിത്രമായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും ദൃശ്യം നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം ഗണേഷ് കുമാര്‍, സായി കുമാര്‍, മുരളി ഗോപി, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത്ത് കുത്താട്ടൂകുളം തുടങ്ങിയവരാണ് ദൃശ്യം 2വിലെ മറ്റ് പ്രധാന താരങ്ങള്‍. അനില്‍ ജോണ്‍സണ്‍ തന്നെ സംഗീതമൊരുക്കുന്ന ചിത്രത്തിന് സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ്ങ് വിനായകനും കലാസംവിധാനം രാജീവ് കോവിലകവും നിര്‍വ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *