ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. വിദേശമന്ത്രിതല സമ്മേളനത്തില്‍ മഹിളാമോര്‍ച്ച നേതാവും പി.ആര്‍. ഏജന്‍സി ഉടമയുമായ സ്മിത മേനോന്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലാണ് നടപടി. ഗുരുതരമായ ചട്ടലംഘനം ഉണ്ടായതായാണ് ആരോപണം.
2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല കൂട്ടായ്മയുടെ സമ്മേളനത്തിലാണ് മഹിള മോര്‍ച്ച ഭാരവാഹി സ്മിത മേനോന്‍ പങ്കെടുത്തത്. പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലിം മടവൂരാണ് പരാതി നല്‍കിയത്. മന്ത്രി മുരളീധരന്റെ അനുമതിയോടെയാണ് അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് സ്മിത മേനോന്റെ പക്ഷം.




