സോള്‍: ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നതില്‍ ദക്ഷിണ കൊറിയയോട് മാപ്പു പറഞ്ഞ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ദക്ഷിണ കൊറിയന്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് മാപ്പു പറഞ്ഞത്. സമുദ്രാതിര്‍ത്തിയില്‍ എത്തിയ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സേന പല തവണ ആവശ്യപ്പെട്ടിട്ടും ആരാണെന്നു വെളിപ്പെടുത്താന്‍ തയാറാകാതിരുന്നതോടെയാണു വെടിവച്ചതെന്ന് കത്തില്‍ പറയുന്നു. സമുദ്രാതിര്‍ത്തിയില്‍ ഉത്തര കൊറിയ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും കിം കത്തില്‍ പറയുന്നു.
ഇരു കൊറിയകളുടെയും അതിര്‍ത്തിക്കടുത്തുള്ള യോന്‍പെയോങ് ദ്വീപിനു സമീപത്തുവച്ച് മാരിടൈം അഫയേഴ്സ്, ഫിഷറീസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെയാണ് സെപ്റ്റംബര്‍ 21 മുതല്‍ കാണാതായത്. ഇയാള്‍ ഉത്തര കൊറിയയിലേക്കു കടക്കാന്‍ ശ്രമിച്ചതാണോ എന്ന് ദക്ഷിണ കൊറിയന്‍ അധികൃതര്‍ ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു.




