വീണ്ടും ഓടി കൊച്ചി മെട്രോ

കൊച്ചി: കോവിഡ് സാഹചര്യത്തിൽ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് രാവിലെ 7 മണി മുതൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഇതോടൊപ്പം കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ട സ്ട്രെച്ചിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതർ ഉറപ്പ് നൽകുന്നത്. പേട്ട സ്‌റ്റേഷനില്‍നിന്നുള്ള ട്രെയിന്‍ ഉച്ചയ്ക്കു 12.30നു കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിക്കൊപ്പം മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വെര്‍ച്വല്‍ ഉദ്ഘാടനമാണു നടക്കുക. ചടങ്ങില്‍ കേന്ദ്രമന്ത്രി അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എംപി, എം സ്വരാജ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

1.33 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തൈക്കൂടം-പേട്ട സ്ട്രെച്ചിന്റെ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. മേയ് അവസാനത്തോടെ കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അനുമതി നല്‍കിയതോടെ പാത സര്‍വീസിനു സജ്ജമായി. തുടര്‍ന്ന് ജൂണില്‍ ലളിതമായ ചടങ്ങില്‍ ഉദ്ഘാടനം നടത്താനായിരുന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ലക്ഷ്യമിട്ടത്. എന്നാല്‍ ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയിട്ടും മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുമതി വൈകിയതോടെയാണ് ഉദ്ഘാടനം നീണ്ടത്.

കൊച്ചി മെട്രോ യാത്രാനിരക്കു കുറച്ചിട്ടുണ്ട്. കൂടിയ യാത്രാനിരക്ക് 60 രൂപയായിരുന്നു. ഇത് 50 രൂപയാക്കി കുറച്ചു. തിങ്കളാഴ്‌ചയാണ് കൊച്ചി മെട്രോ സർവീസുകൾ പുനരാരംഭിക്കുന്നത്. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം കൂടി ഇളവ് ലഭിക്കും.

പുതിയ ടിക്കറ്റ് ഘടനയിൽ 10, 20, 30, 50 എന്നീ നാല് നിരക്കുകൾ മാത്രമാണുണ്ടാവുക. നേരത്തെ 10, 20, 30, 40, 50,60 രൂപ നിരക്കുകളാണുണ്ടായിരുന്നത്. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ 20 രൂപയ്ക്ക് അഞ്ച് സ്റ്റേഷനിലേക്കും 30 രൂപയ്ക്ക് 12 സ്റ്റേഷനിലേക്കും 60 രൂപയ്ക്ക് റൂട്ടിൽ മുഴുവനായും യാത്ര ചെയ്യാം.

വീക്ക് ഡേ പാസ് നിരക്ക് 110 രൂപയായും വീക്കെൻഡ് പാസ് നിരക്ക് 220 രൂപയായും കുറച്ചു. നേരത്തെ ഇവ യഥാക്രമം 125 ഉം 250 ഉം ആയിരുന്നു. കൊച്ചി വൺ കാർഡിന്റെ സാധുത കഴിഞ്ഞവർക്ക് ഇഷ്യു ഫീസില്ലാതെ പുതിയ കാർഡ് നൽകും. സാധുത കഴിഞ്ഞ കാർഡിലെ ബാക്കി തുക പിന്നീട് പുതിയ കാർഡിലേക്ക് മാറ്റിനൽകും. കാർഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുള്ളവർക്ക് കൊച്ചി മെട്രോയുടെ 1800 425 0355 എന്ന ഹെൽപ്പ് ലൈന്‍ നമ്പറിൽ ബന്ധപ്പെടാം.

Share
അഭിപ്രായം എഴുതാം