ദിസ്പൂര്‍. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുളള ആഘോഷത്തിനിടെ സോണിറ്റ്പൂര്‍ ജില്ലയിലാണ് സംഘര്‍ഷം ഉണ്ടായത്. ബജറംഗ്ദള്‍ നടത്തിയ ബൈക്ക്റാലിയാണ് രണ്ടുസമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനിടയാക്കിയത്. ഇതേ തുടര്‍ന്ന് തെലമാര പോലീസ് സ്റ്റേഷനുകീഴിലുളള പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രി സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തുകയായിരുന്നുവെന്ന് സോണിറ്റ്പൂര്‍ എ.എസ്പി നുമല്‍ മഹാത് പറഞ്ഞു. ജില്ലാഭരണകൂടത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു ഫ്ളാഗ് മാര്‍ച്ച്. ജില്ലയിലെ തെലമാര, ദെക്കിയജുലി പോലീസ് സ്റ്റേഷനുകീഴില്‍ വരുന്ന പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായും പോലീസ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റടിയിലെടുത്തു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എഎസ്പി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഇരുഭാഗത്തുനിന്നുമായി 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 12 ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി അവര്‍ അവകാശപ്പെട്ടു. ബൈക്കിലെത്തിയ പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടുവെയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിനിടയായതെന്ന് എഡിജിപി പറഞ്ഞു.




