റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പന്നിയെ വെടിവെച്ച കർഷകന്റെ തോക്കിന്റെ ലൈസൻസ് വനംവകുപ്പ് റദ്ദ് ചെയ്തു; കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ഉള്ള പദ്ധതി വനംവകുപ്പ് അട്ടിമറിക്കുന്നു

June 30, 2020 - 12:17 am

തിരുവന്തപുരം: പന്നിയെ വെടിവെച്ച കർഷകന്റെ തോക്കിന്റെ ലൈസൻസ് റദ്ദ് ചെയ്തു. കൃഷി ഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊല്ലുവാൻ ആറുമാസത്തേക്ക് കർഷകർക്ക് സർക്കാർ നൽകിയ അനുമതി ഉപയോഗപ്പെടുത്തിക്കൊണ്ട് കൃഷി ഭൂമിയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച തോക്കിന്റെ ലൈസൻസ് വനം വകുപ്പ് റദ്ദ് ചെയ്തു. മൃഗവേട്ട പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ വേട്ടയാടിയ മൃഗത്തിൻറെ ചിത്രങ്ങളും തോക്കും പിടിച്ച് പന്നിക്ക് അരികിൽ നിൽക്കുന്ന വേട്ടക്കാരന്റെ മാതൃകയിലുള്ള ചിത്രങ്ങള്‍ എടുക്കുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു എന്നുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് തോക്കിന് ലൈസൻസ് റദ്ദാക്കിയത്.

Read more…കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുകാര്‍ക്ക് വെടിവച്ചുകൊല്ലാം, 1000 രൂപ പ്രതിഫലം

വന്യജീവികളുടെ ശല്യം മൂലം കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായി കർഷകർക്ക് ആശ്വാസം നടപടി എന്ന നിലയിലാണ് കൃഷിഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ കർഷകർക്ക് അനുമതി നൽകിയത്. പന്നിയെ കൊല്ലുന്നതിന് ഫോറസ്റ്റ് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ആറുമാസത്തെക്കാണ്‌ ഈ വിധത്തിൽ പന്നിയെ കൊല്ലുന്നതിനുള്ള അനുമതി. അതിനോടകം ശല്യക്കാരായ പന്നികളെ കൊന്നു തീർക്കാൻ ആവുമെന്ന കണക്കുകൂട്ടലിലാണ് സമയപരിധി ആറുമാസമായി നിജപ്പെടുത്തിയത്. അനുമതി ഉണ്ടായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും കാര്യമായി പന്നിവേട്ട നടന്നിരുന്നില്ല. വനംവകുപ്പും സ്വന്തം നിലയിൽ വെടിവെച്ച് കൊന്ന സംഭവങ്ങളും ഉണ്ടായില്ല. ഇതിനിടെയാണ് ഒരു കർഷകൻ ലൈസൻസ് തോക്കുമായി ഒരു പന്നിയെ വെടിവെച്ചുകൊന്നത്. എന്നാൽ തൊട്ടുപിന്നാലെ ലൈസൻസ് റദ്ദ് ചെയ്തുകൊണ്ട് വനംവകുപ്പ് രംഗത്തുവന്നത് സംശയങ്ങൾ ജനിപ്പിക്കുന്നു. കൃഷി ഭൂമിയിൽ ഇറങ്ങുന്ന പന്നിയെ കൊല്ലാൻ തത്വത്തിൽ അംഗീകരിച്ചെങ്കിലും ആ പദ്ധതി ഫലപ്രദമായി നടപ്പാക്കാതെ ആറുമാസം കടത്തിക്കൊണ്ടുപോകാൻ ആണ് വനംവകുപ്പ് ശ്രമിക്കുന്നത് എന്ന സംശയമാണ് ഉയരുന്നത്. വെടിയേറ്റുവീണ പന്നിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നതിൻറെ പേരിൽ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടിയിലൂടെ കൂടുതൽ കൃഷിക്കാർ കാട്ടുപന്നിയെ കൊല്ലുവാൻ മുമ്പോട്ട് വരുന്നത് തടയുകയാണ് ലക്ഷ്യം. കർഷകരുടെ താൽപര്യങ്ങൾക്ക് വഴങ്ങി എന്ന് വരുത്തുകയും അതേസമയം പദ്ധതി അട്ടിമറിക്കുകയും ആണ് വനംവകുപ്പ് ചെയ്യുന്നതെന്ന് ആരോപണമുയരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *