കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുകാര്‍ക്ക് വെടിവച്ചുകൊല്ലാം, 1000 രൂപ പ്രതിഫലം

തിരുവനന്തപുരം: കൃഷിനശിപ്പിക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുകാര്‍ക്ക് ഇനി വെടിവച്ചുകൊല്ലാം, 1000 രൂപ പ്രതിഫലം ലഭിക്കും. ഇതിനു മുന്നോടിയായി വന്യജീവി പട്ടികയില്‍നിന്ന് കാട്ടുപന്നികളെ തത്കാലം ഒഴിവാക്കി ശല്യകാരികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി വന്യജീവി പട്ടികയില്‍നിന്ന് കാട്ടുപന്നിയെ ഒഴിവാക്കാന്‍ കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിന് വനംവകുപ്പ് അപേക്ഷ നല്‍കിയിട്ടുണ്ട്. അംഗീകരിച്ചാല്‍ കൃഷിയിടത്തില്‍ കയറുന്ന കാട്ടുപന്നികളെ കര്‍ഷകന് കൊല്ലാം. വനംമന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഉത്തരവ് ഉടന്‍ ഇറങ്ങും.

പട്ടണപ്രദേശങ്ങളില്‍പോലും ഇപ്പോള്‍ കാട്ടുപന്നിയുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. കാട്ടുപന്നികള്‍ പെറ്റുപെരുകി കര്‍ഷകര്‍ക്ക് തലവേദനയായതോടെ വനംമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പന്നികളെ ശല്യകാരികളായി പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിന് ആറുമാസത്തെ മാത്രമേ കാലാവധി ഉണ്ടാവുകയുള്ളൂ. ഇതിനിടെ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ മുഴുവന്‍ കൊല്ലാം. ലൈസന്‍സ്ഡ് തോക്കുള്ള എക്‌സ് സര്‍വീസുകാര്‍, വെടിവയ്ക്കാന്‍ അറിയാവുന്നവര്‍ എന്നിവരുടെ പട്ടിക ഡിഎഫ്ഒ തയ്യാറാക്കും. കാട്ടുപന്നിശല്യമുള്ള മേഖലകളില്‍ വെടിവയ്ക്കാന്‍ ഇവരെ ഡിഎഫ്ഒ ചുമതലപ്പെടുത്തും. ഒരു കാട്ടുപന്നിയെ കൊന്നാല്‍ ഇവര്‍ക്ക് ആയിരം രൂപ വകുപ്പ് നല്‍കും. കൊന്ന കാട്ടുപന്നിയെ ഡിഎഫ്ഒയെ അറിയിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുകളയണം. കാട്ടുപന്നികളെ കൊല്ലുന്നതിലൂടെ കര്‍ഷകരുടെ കൃഷിനഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യം.

Share
അഭിപ്രായം എഴുതാം