കൊല്ലം: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ജാമ്യത്തിലിറങ്ങിയശേഷം അന്വേഷണം നിലച്ചതായി ആക്ഷേപം. ഉത്തരയെ മൂര്‍ഖനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഏഴുമാസംമുമ്പ് ജില്ലയില്‍ നടന്ന മറ്റൊരു കൊലപാതകക്കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍പോലും പൊലീസിനു കഴിഞ്ഞില്ല. മുളവനാല്‍ ചരുവിള പുത്തന്‍വീട്ടില്‍ കൃതി(25)യെ ഭര്‍ത്താവ് വൈശാഖ് ബൈജു(28) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കൃതിയുടെ വീട്ടില്‍വച്ച് കഴിഞ്ഞ നവംബര്‍ 11നായിരുന്നു സംഭവം.
കുടുംബ പ്രശ്നത്തെത്തുടര്‍ന്ന് താന്‍തന്നെയാണ് കൊല നടത്തിയതെന്ന് വൈശാഖ് പൊലീസിനോട് സമ്മതിച്ചിരുന്നു. വൈശാഖിനു ജാമ്യം ലഭിച്ചശേഷം കേസന്വേഷണം മരവിച്ച നിലയിലാണെന്നും നീതി നിഷേധിക്കപ്പെടുകയാണെന്നും കൃതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും തെളിവെടുപ്പിലെ കാലതാമസംകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതെന്നുമാണ് പൊലീസ് പറയുന്നത്. വൈശാഖിനു ജാമ്യം അനുവദിച്ചതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.



