മിനിയാപോളിസ് : ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിനെതിരേ പ്രതിഷേധം നടന്ന തെരുവ് 10 മണിക്കൂറെടുത്ത് സ്വയം വൃത്തിയാക്കിയ 18കാരന് കാറും സൗജന്യ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പും നല്‍കി നാട്ടുകാര്‍.
വിദ്യാര്‍ത്ഥിയായ അന്റോണിയോ ഗ്വിനാണ് നാട്ടിലെ താരമായത്. അമേരിക്കയിലെ ബൊഫലോയിലെ തെരുവാണ് ഗ്വിന്‍ വൃത്തിയാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഞായറാഴ്ച(7-06-20)യാണ് പുറത്ത് വന്നത്.
മാധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ പ്രദേശവാസിയായ മാറ്റ് ബ്ലോക്കാണ് ഗ്വിന്നിന് തന്റെ കാര്‍ സമ്മാനമായി നല്‍കിയത്. സമീപത്തെ ബിസിനസ് സ്‌കൂള്‍ പഠനം സൗജന്യമായി പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ത്ഥിയ്ക്ക് അവസരം നല്‍കുമെന്നും അറിയിച്ചു. മറ്റൊരാള്‍ കാറിന്റെ ഇന്‍ഷുറന്‍സും ഏറ്റെടുത്തിട്ടുണ്ട്.
പ്രതിഷേധക്കാരും പോലിസും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ബോംബേറും കണ്ണീര്‍ വാതക പ്രയോഗവുമെല്ലാം നടന്നിരുന്നു. ഇതിന്റെയെല്ലാം അവശിഷടങ്ങള്‍ കൊണ്ട് വൃത്തികേടായ അവസ്ഥയിലായിരുന്നു തെരുവ്. അപ്പോഴാണ് ഇത് വൃത്തിയാക്കണമെന്ന തോന്നലുണ്ടായതെന്ന് ഗ്വിന്‍ പറഞ്ഞു.
