വടശ്ശേരിക്കര: പുലര്‍ച്ചെ ടാപ്പിങിനുപോയ തൊഴിലാളിയെ കടുവ പിടികൂടി കൊലപ്പെടുത്തിയ തണ്ണിത്തോടിനടുത്ത് സമാനരീതിയില്‍ വീണ്ടും കടുവയുടെ ആക്രമണം. മാടമണ്‍ അതമ്പനാക്കുഴി കിഴക്കേപ്പറമ്പില്‍ മോഹനനെയാണ് ഇത്തവണ കടുവ പിടികൂടാന്‍ നോക്കിയത്. ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹത്തെ കടുവ ഓടിച്ചെങ്കിലും സമീപത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. കടുവ വീട്ടുമുറ്റംവരെ എത്തി. മോഹനനും വീട്ടിലുള്ളവരുംചേര്‍ന്ന ബഹളം വച്ചതോടെ കടുവ തിരികെ പോവുകയായിരുന്നു.
വടശ്ശേരിക്കര ചമ്പോണ്‍ മേഖലയിലെ റബര്‍ തോട്ടത്തില്‍ ചൊവ്വാഴ്ച വെളുപ്പിന് നാലരയോടെയാണ് കടുവ എത്തിയത്. തോട്ടത്തില്‍ മോഹനന്‍ നൂറോളം റബര്‍മരങ്ങള്‍ ടാപ്പുചെയ്തശേഷമാണ് കടുവയെ കണ്ടത്. ടാപ്പിങ് സമയത്ത് വെളിച്ചത്തിനുപയോഗിക്കുന്ന ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ കുറച്ച് ദൂരത്തായി കടുവയെ കാണുകയായിരുന്നു. കടുവയെ കണ്ടതും മോഹനന്‍ ഓടി സമീപത്തുള്ള അജയന്‍ എന്നയാളുടെ വീട്ടില്‍ കയറി. മോഹനന്റെ പിന്നാലെ കടുവ എത്തിയെങ്കിലും വീട്ടുകാര്‍ ബഹളം ഉണ്ടാക്കിയതോടെ ഓടിമറഞ്ഞു. വിവരമറിഞ്ഞ് മണിയാറിലും മേടപ്പാറയിലുമായി വനപാലക സംഘം എത്തി.
തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ കൊല്ലുകയും ഞായറാഴ്ച രാത്രി മണിയാറില്‍ കാലിത്തൊഴുത്തില്‍നിന്ന പശുക്കിടാവിനെ കൊലപ്പെടുത്തുകയും ചെയ്തതിനാല്‍ വടശ്ശേരിക്കരയിലെ ജനങ്ങള്‍ ഭീതിയിലാണ്. കടുവയെ പിടികൂടാന്‍ കെണിവച്ചെങ്കിലും അതില്‍ വീണില്ല. തുടര്‍ന്ന് കുങ്കിയാനയെ കൊണ്ടുവന്നിരുന്നു. ഡ്രോണ്‍ പരിശോധനയില്‍ പൂര്‍ണവളര്‍ച്ചയെത്തിയ കടുവയെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
കടുവ നരഭോജിയാണെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് അറിയിച്ചാല്‍ മാത്രമേ വെടിവച്ച് കൊല്ലുവാന്‍ കഴിയൂ എന്നതിനാല്‍ ഉടന്‍ ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി കൂടുവാനും കലക്ടര്‍ നിര്‍ദേശം നല്‍കി. അക്രമകാരിയായ കടുവ മേഖലയില്‍ ചുറ്റിനടക്കുന്നതിനാല്‍ വടശ്ശേരിക്കര പഞ്ചായത്തിലെ റബര്‍തോട്ടങ്ങളിലെ ടാപ്പിങ് തൊഴിലാളികള്‍ വെളുപ്പിന് അഞ്ചുമണിക്കു ശേഷം മാത്രമേ തോട്ടങ്ങളിലെത്താവൂവെന്നും കലക്ടര്‍ നിര്‍ദേശിച്ചു.



