ധുംക: ആടിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ധുംക ഗ്രാമത്തിലാണ് ആടിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത്. പ്രദേശവാസികള്‍ രണ്ടുയുവാക്കളെ കെട്ടിയിട്ട് അടിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സുബാന്‍ അന്‍സാരിയാണ് (26) മരിച്ചത്. അന്‍സാരിയുടെ സുഹൃത്ത് ദുലാല്‍ മിര്‍ധ (22) ആശുപത്രിയില്‍ ചികിത്സയിലാണ്.
അയല്‍ഗ്രാമമായ കാതികുണ്ഡില്‍നിന്ന് ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം ഇവരെ പിടികൂടുകയായിരുന്നു. ഗ്രാമത്തിനു പുറത്തുള്ള സ്ഥലത്ത് യുവാക്കള്‍ ആടിനെ അറുക്കുന്നതായി കണ്ടെന്ന് പ്രദേശവാസികള്‍ പ്രചരിപ്പിച്ചതോടെ ആള്‍ക്കൂട്ടം ഇവരെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തടിച്ചുകൂടിയ ആളുകള്‍ ഇരുവരെയും ഗ്രാമത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. കൊലപാതകത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ധുംക പൊലീസ് സൂപ്രണ്ട് അംബര്‍ ലക്ദ അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ട അന്‍സാരി, സുഹൃത്ത് എന്നിവര്‍ക്കെതിരേ മോഷണക്കുറ്റത്തിന് കേസെടുത്തു.



