റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോത്തിന്റെ വരവ് നിലച്ചു, ബീഫ് കിട്ടാനില്ല; കോഴിക്ക് പൊള്ളുന്നവില

May 13, 2020 - 4:49 pm

ഇടുക്കി: പോത്തിന്റെ വരവ് നിലച്ചതും ബീഫ് കിട്ടാനില്ലാത്തതും മൂലം കോഴിയിറച്ചിക്ക് പൊള്ളുന്ന വിലയായി. കോവിഡ് രോഗത്തിന്റെ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ കിലോഗ്രാമിന് 28 രൂപയായിരുന്ന ചിക്കന്‍വില കുതിച്ചുയര്‍ന്ന് 139ലേക്ക് എത്തിയത് ആഴ്ചകളുടെ വ്യത്യാസത്തിലാണ്. ഇടുക്കിയില്‍തന്നെ പലയിടത്തും തോന്നിയ വിലയ്ക്കാണ് കോഴിയിറച്ചിയുടെ വില്‍പന നടക്കുന്നത്. ക്രൈസ്തവ വിഭാഗത്തിന്റെ അമ്പതുനോമ്പ് അവസാനിച്ചതും ഇസ്‌ലാം മതവിശ്വാസികളുടെ റമദാന്‍ നോമ്പ് ആരംഭിച്ചതും മുതലാക്കിയാണ് കോഴി മൊത്തക്കച്ചവടക്കാര്‍ ഉപഭോക്താക്കളെ പിഴിയുന്നത്.

ശരാശരി രണ്ട് കിലോഗ്രാം വരുന്ന ഒരു കോഴിക്ക് ആറ് ആഴ്ചയുടെ വ്യത്യാസത്തില്‍ 200 മുതല്‍ 300 രൂപവരെയാണ് വിലവര്‍ധന ഉണ്ടായിരിക്കുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതിനൊപ്പം കോഴിയിറച്ചിയുടെ വില്‍പനയ്ക്കും ലോക്ക് ഡൗണ്‍ കാലത്ത് നിയന്ത്രണം ഉണ്ടായിരുന്നില്ല. പ്രധാന ടൗണുകളിലെ ഏതാനും മൊത്തക്കച്ചവടക്കാരാണ് ചിക്കന്‍വില നിയന്ത്രിക്കുന്നത്. ചെറുകിട വ്യാപാരികള്‍ കിലോഗ്രാമിന് 15 മുതല്‍ 25 രൂപവരെ വിലവര്‍ധിപ്പിച്ച് ചില്ലറവില്‍പന നടത്തുകയാണു ചെയ്യുന്നത്. പല കടകളിലും കോഴിയെ അറുത്ത് വൃത്തിയാക്കി നുറുക്കി നല്‍കുന്നതിന് പണിക്കൂലി വാങ്ങാറില്ലെങ്കിലും ചിലയിടങ്ങളില്‍ ലാഭത്തിനൊപ്പം ഇതുംചേര്‍ത്താണ് വാങ്ങുന്നത്.

തമിഴ്നാട്ടിലെ വിവിധ കോഴിഫാമുകളില്‍നിന്നാണ് പ്രധാനമായും ഇറച്ചിക്കോഴികള്‍ കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിലെ കോഴിഫാമുകളില്‍ കോഴികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് കാലത്ത് ഭക്ഷ്യോല്‍പന്നങ്ങളുടെ അമിതവില നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണകൂടം വിലനിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നെങ്കിലും കോഴിവ്യാപാരികളെ നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടത്തിനോ ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ കഴിഞ്ഞില്ല. ഒരു മാനദണ്ഡവുമില്ലാതെ പോത്തിറച്ചിക്ക് വിലവര്‍ധിപ്പിച്ചതിനാല്‍ കട്ടപ്പനയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പോത്തിറച്ചിയാണെങ്കില്‍ ഇപ്പോള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ആന്ധ്രപ്രദേശ്, തമിഴ്‌നാട് മുതലായ സംസ്ഥാനങ്ങളില്‍നിന്നാണ് മുമ്പ് കേരളത്തിലേക്ക് മാട് എത്തിയിരുന്നത്. ഇപ്പോള്‍ കാലികളുടെ വരവു കുറഞ്ഞതിനാലാണ് ശുദ്ധമായ പോത്തിറച്ചി കിട്ടാനില്ലാതായത്. പോത്തിറച്ചി ആവശ്യപ്പെട്ടാല്‍ മിക്കപ്പോഴും കാളയിറച്ചിയാണ് ഉപഭോക്താവിനു ലഭിക്കുന്നത്. ഇതു പതിവായതോടെ ആളുകള്‍ പന്നിയിറച്ചിയോട് താത്പര്യം കാട്ടിത്തുടങ്ങിയിരിക്കുന്നു. വിലക്കുറവും യഥേഷ്ടം കിട്ടുമെന്നതുമാണ് പന്നിയിറച്ചിയിലേക്ക് ആളുകള്‍ ആകൃഷ്ടരാവാന്‍ കാരണം. ഒരു കിലോഗ്രാമിന് കട്ടപ്പനയില്‍ 260 രൂപയാണ് ഇപ്പോഴത്തെ പന്നിയിറച്ചി വില. ഇടുക്കിയിലും പരിസര ജില്ലകളിലും ഫാമുകളില്‍ പന്നികൃഷി ധാരാളം ഉള്ളതിനാല്‍ ലഭ്യതയ്ക്കും കുറവില്ല. ഇടുക്കിയില്‍ ഇപ്പോള്‍ മുമ്പത്തേതില്‍നിന്നു വ്യത്യസ്തമായി വിവാഹങ്ങള്‍ക്കുപോലും പന്നിമാംസം ഉപയോഗിച്ചുവരുന്നണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *