റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫാവിപിരാവിര്‍ എന്ന മരുന്ന് ഇന്ത്യയിലെ കോവിഡ് രോഗികളില്‍ പരീക്ഷിക്കുന്നു

May 13, 2020 - 12:40 am

കൊച്ചി: കൊറോണ വൈറസിനെതിരേ രോഗികളില്‍ ഇന്ത്യയിലെ ആദ്യത്തെ മരുന്നുപരീക്ഷണം ആരംഭിച്ചു. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കീഴിലാണ് ഇന്ത്യയിലെ കൊവിഡ്- 19 രോഗികളില്‍ പ്രതിരോധമരുന്നായ ഫാവിപിരാവിറിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. ഇന്ത്യയിലെ പത്തിലധികം പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള കോവിഡ്- 19 രോഗികളെ പഠനത്തില്‍ ഉള്‍പ്പെടുത്തും. 2020 ജൂലൈ, ഓഗസ്റ്റ് മാസത്തോടെ പരീക്ഷണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം.

ഇന്ത്യയില്‍ ആദ്യമായാണ് കൊവിഡ്- 19 രോഗികളില്‍ മരുന്നുപരീക്ഷണം നടക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ഇന്ത്യയുടെ മയക്കുമരുന്ന് റെഗുലേറ്റര്‍ അതോറിറ്റിയായ ഡിസിജിഐയില്‍നിന്ന് പരീക്ഷണത്തിന് അനുമതി ലഭിച്ചു. ഫ്യൂജി ഫിലിം ടോയാമ കെമിക്കല്‍ കമ്പനിയുടെ അവിഗാന്‍ മരുന്നിന്റെ മറ്റൊരു പതിപ്പാണ് ഫാവിപിരാവിര്‍.

ഗ്ലെന്‍മാര്‍ക്കിന്റെ സ്വന്തം റിസര്‍ച്ച് & ഡവലെപ്മെന്റ് ടീം വഴിയാണ് ഉല്‍പ്പന്നത്തിനായുള്ള എപിഐയും ഫോര്‍മുലേഷനുകളും വിജയകരമായി വികസിപ്പിച്ചെടുത്തത്. ഇന്‍ഫ്ലുവന്‍സ വൈറസുകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന മരുന്നാണ് ഫാവിപിരാവിര്‍. ജപ്പാനില്‍ നോവല്‍ ഇന്‍ഫ്ലുവന്‍സ വൈറസ് അണുബാധയ്ക്കുള്ള ചികിത്സയ്ക്ക് ഫാവിപിരാവിറിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ മരുന്ന് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിച്ചാല്‍ ഫാബിഫ്ലൂ എന്ന പേരിലായിരിക്കും മാര്‍ക്കറ്റില്‍ ഇറങ്ങുക.

കോവിഡ്- 19 കേസുകളില്‍ ഫാവിപിരാവിരിന്റെ സ്വാധീനം അറിയാന്‍ ആരോഗ്യ മെഡിക്കല്‍ വിദഗ്ധരടക്കം എവരും ആകാംക്ഷാഭരിതരാണ്. നിലവില്‍ വൈറസിന് ഫലപ്രദമായ ചികിത്സയില്ലാത്തതിനാല്‍ പഠനഫലങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ പരീക്ഷണങ്ങളില്‍നിന്നു ലഭിക്കുന്ന അറിവുകള്‍ കൊവിഡ്-19 ചികിത്സയെ സംബന്ധിച്ച് വ്യക്തമായ ദിശയിലേക്ക് ലോകത്തെ നയിക്കുമെന്നാണ് പ്രതീക്ഷ.

ഇതിനിടെ ഇറ്റലി, ഇസ്രായേല്‍ അടക്കമുള്ള വിദേശരാജ്യങ്ങളിലും കൊറോണയെ പ്രതിരോധിക്കുന്ന മരുന്നുകള്‍ പരീക്ഷണഘട്ടത്തിലാണ്. ഇറ്റലി കണ്ടെത്തിയ കൊറോണ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ഇവിടെ എലികളില്‍ നടത്തിയ വാക്സിന്‍ പരീക്ഷണം വിജയകരമായിരുന്നു.

റോം കേന്ദ്രമായുള്ള ടാക്കിസ് ബയോടെക് എന്ന കമ്പനിയിലെ ഗവേഷകരാണ് ശരീരത്തില്‍നിന്ന് കൊറോണ വൈറസിനെതിരായ ആന്റിബോഡികളെ വേര്‍തിരിച്ച് വാക്‌സിന്‍ തയ്യാറാക്കി എന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ലാബ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ കൊറോണ വൈറസ് മനുഷ്യശരീരത്തില്‍ നടത്തുന്ന പ്രവര്‍ത്തനത്തെ ചെറുക്കുമെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്തഘട്ടമായി മനുഷ്യശരീരത്തില്‍ മരുന്നു കുത്തിവച്ച് പരീക്ഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് ടാക്കിസ് ചീഫ് എക്‌സിക്യൂട്ടീവ് ലൂയിഗി ഔറിസിച്ചിയോ പറഞ്ഞിരുന്നു.






Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *