റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ഏപ്രിൽ 25: പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

നൂറിലേറെ സീരിയലുകളിലും 46 സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗാനരചയിതാവായിട്ടായിരുന്നു സിനിമ രംഗത്തേക്കുള്ള പ്രവേശനം. 1976ല്‍ പുറത്തിറങ്ങിയ ‘മധുരം തിരുമധുരം’ എന്ന സിനിമയിലെ ‘താഴ്‍വരയില്‍ മഞ്ഞുപെയ്‍തു’ എന്ന ഗാനമാണ് ആദ്യമായി എഴുതിയത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നാലുപെണ്ണുങ്ങള്‍, വിധേയന്‍, ഗോഡ്ഫാദര്‍, ഇടുക്കി ഗോള്‍ഡ് തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷം ചെയ്തു.

1986ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘വൈതരണി’യിലൂടെയാണ് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. ‘അമേരിക്കന്‍ ഡ്രീംസ്’ എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രവി വള്ളത്തോള്‍ ഇരുപത്തി അഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്.‌

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ഇദ്ദേഹവും ഭാര്യയും ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. സൗദാമിനിയാണ് മാതാവ്. ഭാര്യ: ഗീതലക്ഷ്മി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *