മലപ്പുറം: നീണ്ടുപോകുന്ന ലോക്ക്ഡൗണും തൊഴില്‍ ദിന നഷ്ടങ്ങളും കൊണ്ട് പൊറുതിമുട്ടുകയാണ് മലപ്പുറം ജില്ലയിലെ പല സംരംഭകരും. നിരവധി ചെറുകിട ഇടത്തരം സംരംഭകര്‍ ഉള്ള ജില്ലയിലെ സംരംഭകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാവുകയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ്പകളിന്‍മേല്‍ ഉള്ള മൊറട്ടോറിയം. മൂന്ന് മാസത്തേക്ക് ആണ് കേന്ദ്ര ധനമന്ത്രി മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ എസ്.എം.സ് വഴിയും ഇമെയില്‍ വഴിയും മൊറട്ടോറിയും വിവരങ്ങള്‍ സംരംഭകരില്‍ എത്തിച്ചപ്പോള്‍ നിരവധിപേരാണ് ആനുകൂല്യം നേടിയെടുത്തതെന്ന് ലീഡ് ബാങ്ക് മാനേജര്‍ ശ്രീ കുഞ്ഞിരാമന്‍ ടി. പി. അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ മുദ്രാ ലോണ്‍ എടുത്ത് സംരംഭം തുടങ്ങിയ അഞ്ജു സിജാന്ത് ഇത്തരത്തില്‍ ഒരു സംരംഭകന്‍ ആണ്.’കൂപ്പ എനര്‍ജി’ എന്ന പേരില്‍ മലപ്പുറത്ത് സോളാര്‍ പാനല്‍, ബാറ്ററി, ഇന്‍വര്‍ട്ടര്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന സംരംഭമാണ് ഇദ്ദേഹം നടത്തിയിരുന്നത്. നാല് വര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിവിധ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളും വ്യക്തികളും കൂപ്പ എനര്‍ജിയുടെ ഉപഭോക്താക്കള്‍ ആണ്. സംരംഭം മികച്ചരീതിയില്‍ പോകുമ്പോഴാണ് ലോക്ക്ഡൗണ്‍ വരുന്നതെന്നും അതോടുകൂടി വ്യവസായം പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുകയാണെന്നും സിജാന്ത് പറയുന്നു. മൊറട്ടോറിയം താല്‍ക്കാലിക ആശ്വാസമാണെങ്കിലും മൂന്ന് മാസം പൂര്‍ണ്ണമായും കച്ചവടം നടക്കാത്തതിനാല്‍ കൂടുതല്‍ സഹായങ്ങള്‍ സര്‍ക്കാറില്‍ നിന്ന് ലഭിച്ചാല്‍ മാത്രമേ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ ആകുകയുള്ളൂ. ജനങ്ങളുടെ, പ്രത്യേകിച്ച് യുവ സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് എന്നും ചെവികൊണ്ടിട്ടുള്ള കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പലിശയിളവ് പോലുള്ള സഹായങ്ങള്‍ ആവശ്യമാണെന്നും സിജാന്ത് കൂട്ടിച്ചേര്‍ത്തു.



