ന്യൂഡൽഹി ഏപ്രിൽ 1: 21 ദിവസത്തെ ലോക്ഡൗൺ ഏപ്രിൽ 14-ന് അവസാനിക്കാനിരിക്കെ ഇന്ത്യൻ റെയിൽവേയും വിമാന കമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗൺ 21 ദിവസത്തിന് ശേഷം നീട്ടാൻ പദ്ധതിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണിത്.
ഏപ്രിൽ 14-ന് ശേഷം ലോക്ഡൗൺ നീട്ടില്ലെന്ന് സർക്കാരിൽനിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചതെന്ന് റെയിൽവേ അധികൃതരെ ഉദ്ധരിച്ച് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു. ചില സ്വകാര്യ ഏജൻസികളും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
സ്പൈസ്ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നീ വിമാന കമ്പനികളാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. നിലവിൽ ഇവർ ആഭ്യന്തര സർവീസുകളാണ് ഏപ്രിൽ 15 മുതൽ ബുക്കിങിനായി തുറന്നിട്ടിരിക്കുന്നത്. അതേസമയം, ഇക്കാര്യത്തിൽ വിമാനകമ്പനികൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച അടച്ചുപൂട്ടൽ നീട്ടുമെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അത്തരമൊരു പദ്ധതി സർക്കാരിനില്ലെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.