വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന ഇനിയില്ല: നിയമലംഘനം കണ്ടെത്താന്‍ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍

തിരുവനന്തപുരം ജനുവരി 14: വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന ഇനിയില്ല. റോഡ് സുരക്ഷ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനമുള്ള 17ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കി. കണ്ണൂരില്‍ വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. വാഹനം തടഞ്ഞുള്ള പരിശോധനകള്‍ ഒഴിവാക്കാനും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്താനും കഴിയുമെന്നതാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ സവിശേഷത.

എത്ര വേഗത്തിലും റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന കംപ്യൂട്ടര്‍ സംവിധാനമാണിത്. ലേസര്‍ ബേസ്ഡ് സ്പീഡ് റഡാര്‍ സംവിധാനം, പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്സ്മീറ്റര്‍, ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ് മീറ്റര്‍, ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവല്‍, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്സല്‍ ക്യാമറയോട് കൂടിയ ആല്‍ക്കോ മീറ്റര്‍ എന്നീ ഉപകരണങ്ങളാണ് ഒരു ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലുള്ളത്. നമ്പര്‍പ്ലേറ്റ് തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണവും ഈ റഡാര്‍ സംവിധാനത്തിലുണ്ട്. പരിസര നിരീക്ഷണത്തിനുള്ള സര്‍വൈലന്‍സ് ക്യാമറയും ഇതിന്റെ ഭാഗമാണ്.

ഉറക്കമൊഴിച്ചുള്ള ദീര്‍ഘമായ യാത്ര അപകടങ്ങളിലേക്കെത്തുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ പ്രധാന റോഡുകളില്‍ ഇടക്ക് വാഹനം നിര്‍ത്തി ചായയോ കാപ്പിയോ കഴിക്കാനും മറ്റുമുള്ള സൗകര്യം ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത അകലത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Share
അഭിപ്രായം എഴുതാം