തെലങ്കാനയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികള്‍ സമാനമായ രീതിയില്‍ 9 സ്ത്രീകളെ കൊന്നെന്ന് പോലീസ് റിപ്പോര്‍ട്ട്

ഹൈദരാബാദ് ഡിസംബര്‍ 19: തെലങ്കാനയില്‍ യുവഡോക്ടറെ കൂട്ടബലാത്സംഗത്തിന് ശേഷം തീകൊളുത്തി കൊന്ന കേസില്‍ പോലീസ് വെടിവച്ച് കൊന്ന പ്രതികള്‍ സമാനമായ രീതിയില്‍ കൊന്നത് ഒമ്പത് സ്ത്രീകളെയെന്ന് പോലീസ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന്റെ സമയത്ത് പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി. മുഹമ്മദ് ആരിഫ്, ചെന്നകേശവലു, ജൊല്ലു ശിവ, ജോല്ലു നവീന്‍ എന്നിവരാണ് കേസിലെ നാല് പ്രതികള്‍. ഇതില്‍ മുഹമ്മദും ചെന്നകേശവലുവുമാണ് ഇത്തരത്തില്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നത്.

നവംബര്‍ 27നാണ് തെലങ്കാനയില്‍ മൃഗഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിന് ഇടയ്ക്ക് പ്രതികള്‍ രക്ഷാപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ച് കൊന്നതെന്നാണ് പോലീസ് വിശദീകരണം. പോലീസ് നടപടിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു.

Share
അഭിപ്രായം എഴുതാം