ന്യൂഡല്‍ഹി: ദീര്‍ഘകാല അവധിയില്‍ പോയശേഷം തിരികെ പ്രവേശിക്കാത്തതിനാല്‍ പിരിച്ചുവിട്ട കെഎസ്ആര്‍ടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി. ജീവനക്കാര്‍ക്ക് വിദേശത്ത് പോവാനും മറ്റുമായി അഞ്ച് വര്‍ത്തെ അവധി കെഏസ് ആര്‍ടിസി അനുവദിക്കാറുണ്ട്. ഇങ്ങനെ അവധിയില്‍ പോയ 136 ജീവനക്കാരോട് ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കെഎസ് ആര്‍ടിസി നോട്ടീസ് നല്‍കിയിരുന്നു. ഇതുപ്രകാരം ജോലിയില്‍ പ്രവേശിച്ച ചുരുക്കം ചിലര്‍ ഒഴികെ ബാക്കി എല്ലാവരേയും കെഎസ്ആര്‍ടിസി പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജീവനക്കാരുടെ അവധി അനധികൃമല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി തിരികെയടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഹൈക്കോടതിയുടെ ഈ ഉത്തരനിനെ ചോദ്യം ചെയ്ത് കെഎസ് ആര്‍ടിസി സൂപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. 3100 കോടി ബാങ്കുവായ്പയുള്പ്പടെ 4315 കോടിയുടെ ബാധ്യത ഉണ്ടെന്നും, കോവിഡ് അടച്ചിടീല്‍ സ്ഥിതി രൂക്ഷമാക്കിയെന്നും കെഎസ് ആര്‍ടിസി സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ കോടതി അപ്പീല്‍ തളളുകയായിരുന്നു. ജസ്റ്റീസ് മോഹന്‍ എം ശാന്തന ഗൗഡര്‍ അദ്ധ്യക്ഷനായ ബെഞ്ച് ആണ് അപ്പീല്‍ പരിഗണിച്ചത്. അതേസമയം ഇതിലെ നിയമപരമായ ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

