റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുകെയില്‍ നിന്നെത്തിയവരെ കണ്ടെത്താന്‍ ശ്രമം: ചെന്നൈയിലും കൊല്‍ക്കത്തയിലും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

December 23, 2020 - 12:33 pm

ന്യൂഡല്‍ഹി: യുകെയില്‍ നിന്നും ചെന്നൈയിലും കൊല്‍ക്കത്തയിലും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ യുകെയില്‍ നിന്ന് രാജ്യത്ത് എത്തിയവരെ കണ്ടെത്തുന്നതിന് അതത് സംസ്ഥാനങ്ങള്‍ ശ്രമമാരംഭിച്ചു. യുകെയില്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം മുതല്‍ ഡിസംബര്‍ 31 വരെ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

ചെന്നൈയിലെത്തിയ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ചെന്നൈ കിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചു. ലണ്ടനില്‍ നിന്നും വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ ചെന്നൈ വിമാനത്താവളം സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. പുതിയ കൊവിഡ് ബാധയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സാഹചര്യം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലണ്ടനില്‍ നിന്നും ചെന്നൈയിലെത്തിയ യാത്രക്കാരെ കണ്ടെത്തി അവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ലണ്ടനില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ വിമാനത്തിലെ രണ്ട് യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലാക്കിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിമാനത്തില്‍ 222 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് യാത്രക്കാര്‍ക്കും ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗം വ്യക്തമാക്കി. യുകെയില്‍ നിന്നും എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് സര്‍ക്കാറിന്റെ കീഴില്‍ ക്വാറന്റൈയിന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് നെഗറ്റീവായവര്‍ ഏഴ് ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *