റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ കർഷക സമരത്തെ പിൻതുണയ്ക്കണമെന്ന് ബ്രിട്ടീഷ് സർക്കാരിനോടാവശ്യപ്പെട്ട് ബ്രിട്ടനിലെ 36 എം പി മാർ , നിയമങ്ങൾ കർഷകർക്കുള്ള മരണവാറന്റെന്നും ആരോപണം

December 6, 2020 - 10:57 am

ലണ്ടൻ: ഇന്ത്യയിലെ കര്‍ഷകസമരത്തിന് പിൻതുണ നൽകണമെന്നാവശ്യപ്പെട്ട് ബ്രിട്ടണില്‍ നിന്നുള്ള 36 എം.പിമാര്‍ രംഗത്ത് വന്നു. ഇത് സംബന്ധിച്ച് എംപിമാര്‍ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബിന് കത്തയച്ചു. ലേബര്‍പാര്‍ട്ടി, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എന്നിവയിലെ എംപിമാരാണ് കത്തയച്ചിരിക്കുന്നത്. മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും കത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്. 36 എം.പിമാരില്‍ ഇന്ത്യന്‍ വംശജരും പഞ്ചാബുമായി ബന്ധമുള്ളവരുമുണ്ട്.

ലേബര്‍ പാർടി എം.പി തന്‍മജീത് സിംഗ് ധേസിയുടെ നേതൃത്വത്തിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തില്‍ ഡൊമിനിക് റാബുമായി ഒരു അടിയന്തരകൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നുവെന്നും വിഷയത്തില്‍ ഇന്ത്യയുമായി അടിയന്തരമായി സംസാരിക്കണമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ‘കർഷകർക്കുള്ള മരണ വാറന്റ്’ എന്നാണ് കത്തിൽ വിവാദ കാർഷിക നിയമത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

‘വിഷയം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ബാധിക്കുമെങ്കിലും ഇത് സിഖുകാര്‍ക്കും പഞ്ചാബുമായി ബന്ധമുള്ളവര്‍ക്കും പ്രത്യേക ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. നിരവധി ബ്രിട്ടീഷ് സിഖുകാരും പഞ്ചാബികളും ഈ വിഷയം അവരുടെ എംപിമാരെ അറിയിച്ചിട്ടുണ്ട്, കാരണം അവരുടെ ബന്ധുക്കളേയും കുടുംബാംഗങ്ങളേയും പഞ്ചാബിലെ അവരുടെ പൂര്‍വ്വികരേയും നേരിട്ട് ബാധിക്കുന്ന വിഷയമാണ് ഇത്’ ഇവര്‍ കത്തില്‍ പറയുന്നു.

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് കനേഡയിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചൊവ്വാഴ്ച(01/12/2020) രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *