ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചവരില്‍ ഗുയിലെയ്ന്‍-ബാരെ സിന്‍ഡ്രോം (ജിബിഎസ്) എന്ന അപൂര്‍വ രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സ്വന്തം ശരീരത്തിലെ പ്രതിരോധശേഷി തന്നെ സ്വയം നാഡിവിന്യാസത്തെ ആക്രമിക്കുന്ന രോഗമാണിത്. രോഗം ബാധിച്ചാല്‍ കൈകാലുകള്‍ അനക്കാന്‍ പോലുമാവാതെ ചലനശേഷി നഷ്ടപ്പെടുമെന്നതാണ് ഇതിന്റെ പ്രത്യാഘാതം.ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉപരി നാഡീവ്യൂഹ വ്യവസ്ഥയെ ആക്രമിക്കുന്ന അവസ്ഥയാണ് ഇത്. കൈകാലുകളുടെ പ്രവര്‍ത്തനത്തെ അതിദ്രുതം ബാധിക്കുകയും ശ്വാസകോശത്തിന്റേയും മുഖത്തിന്റേയും പേശികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.
തുടക്കവും രോഗമുക്തിയും ഇങ്ങനെ
ഒരണുബാധയിലായിരിക്കും പലപ്പോഴും ജിബിഎസിന്റെ തുടക്കം. ചുമ പോലെ ശ്വാസകോശത്തെ ബാധിക്കുന്നതോ ഡയേറിയ പോലെ ദഹനവ്യവസ്ഥയെ ബാധിക്കുന്നതോ ആയ അണുബാധയിലായിരിക്കും തുടക്കം.ലഘുവായതോ ഗുരുതരമോ ആകാം ഈ രോഗം. ഇന്‍ട്രാവെനസ് ഇമ്മ്യൂണോഗ്ലോബിന് (ഐവിഐജി) ചികിത്സയോ പ്ലാസ്മാ മാറ്റമോ അനിവാര്യമാക്കുന്ന കൂടുതല്‍ ഗുരുതരമായ ഒരവസ്ഥയും ഇതിനുണ്ട്. നേരിയ ജിബിഎസ് അനുഭവിക്കുന്നവര്‍ മാസങ്ങള്‍ക്കുള്ളില്‍ രോഗവിമുക്തി നേടാറുണ്ട്. കൂടുതല്‍ ഗുരുതരമായ അവസ്ഥയിലുള്ളവര്‍ക്ക് ഇതിന് മൂന്നോ നാലോ വര്‍ഷങ്ങളെടുത്തേക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു
മിക്കവാറും രോഗികള്‍ സമയം കൊണ്ട് രോഗവിമുക്തി നേടുന്നു. പ്രായം കുറഞ്ഞ രോഗികളാണ് കുറഞ്ഞ സമയത്തിനുള്ളില്‍ രോഗത്തില്‍ നിന്ന് മുക്തി നേടുന്നത്. മിക്കവാറും എല്ലാവരേയും ജിബിഎസ് ബാധിക്കാം. പക്ഷെ ചെറിയ കുട്ടികളില്‍ ഇത് സാധാരണ കണ്ടുവരുന്നില്ല. കാലവര്‍ഷം കനക്കുന്ന ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഇത് ബാധിക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. ഇതിനുള്ള ചികിത്സ ചെലവേറിയതാണ്. പ്ലാസ്മ മാറ്റുന്നതിന് സ്വകാര്യ ആശുപത്രികള്‍ 80000 രൂപ മുതല്‍ 90000 രൂപ വരെ വാങ്ങുന്നു. ഐവിഐജിക്ക് രണ്ടു മുതല്‍ മൂന്ന് ലക്ഷം രൂപവരേയും ചെലവ് വന്നേക്കാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു




