വാഷിംഗ്ടൺ: അന്റാർട്ടിക്കയിൽ നിന്നും ഒഴുകി വരുന്ന മഞ്ഞുമല തെക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിൽ അർജൻ്റീനയ്ക്ക് കിഴക്കുള്ള ജൈവ സമ്പന്നമായ സൗത്ത് ജോർജിയ ദ്വീപിന് ഭീഷണിയായേക്കുമെന്ന് റിപ്പോർട്.
2017 ജൂലൈ മാസത്തിലാണ് അന്റാർടിക്കയിലെ ലാർസൻ സി എന്ന ഐസ് ഷെൽഫിൽ നിന്നും വലിയൊരു മഞ്ഞു ഫലകം വേർപെട്ടത്. ‘A – 68’ എന്നു പേരിട്ട ഈ മഞ്ഞു മല മൂന്നായി പിളർന്നിരുന്നു. പിളർന്ന ശേഷം മൂന്ന് വർഷം കൊണ്ട് മഞ്ഞുമല 1000 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു. അന്റാർട്ടിക്കയിൽ നിന്ന് വേർപെടുമ്പോൾ 5800 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 200 മീറ്റർ കനവും ഉണ്ടായിരുന്ന മഞ്ഞുമലയുടെ വലിപ്പത്തിൽ കാര്യമായ വ്യത്യാസമൊന്നും ഇപ്പോഴും വന്നിട്ടില്ല. ഈ കൂറ്റൻ മഞ്ഞ് മലയാണ് സൗത്ത് ജോർജിയയ്ക്കു നേരെ ഒഴുകി വരുന്നത്.
ഇത്തരത്തിൽ അന്റാർട്ടിക്കയുടെ ഈ ഭാഗങ്ങളിൽ നിന്നും വേർപെടുന്ന മഞ്ഞുമലകൾ സമുദ്ര പ്രവാഹങ്ങൾക്കൊപ്പം വടക്കോട്ട് സഞ്ചരിച്ച് സൗത്ത് ജോർജിയയുടെ പരിസരങ്ങളിൽ തന്നെയാണ് എത്തിച്ചേരാറുള്ളത്, എങ്കിലും ‘A- 68 ‘ ൻ്റെ കാര്യം അങ്ങനെയല്ല. പെൻഗ്വിനുകളുടെയും സീലുകളുടെയും വിഹാര ഭൂമിയായ സൗത്ത് ജോർജിയ ദ്വീപിന് മഞ്ഞുമലയുണ്ടാക്കിയേക്കാവുന്ന ജൈവ നാശം ഭയാനകമായിരിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.
ദ്വീപിനോട് ചേർന്ന് ഈ മഞ്ഞുമല ഉറച്ചു പോയാൽ നിരവധി വർഷങ്ങൾ അതവിടെ തന്നെ നിലനിന്നേക്കും. ഇത്രയും വലിപ്പമുള്ള മഞ്ഞുമല ഉരുകിത്തീരാനെടുക്കുന്ന കാലമത്രയും അത് ദ്വീപിൻ്റെ ആവാസ വ്യവസ്ഥയ്ക്ക് നാശം വിതച്ചു കൊണ്ടിരിക്കും.
കോപ്പർനിക്കസ് സെൻ്റിനൽ പോലുള്ള ഉപഗ്രഹങ്ങൾ ‘A- 68 ‘ ൻ്റെ സഞ്ചാരത്തെയും അതിൻ്റെ ശോഷണത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ആഗോള താപനം അൻറാർട്ടിക്കയിലെ ഹിമപാളികളെ അതിദ്രുതം നാശോന്മുഖമാക്കുകയാണ് എന്നാണ് ഗവേഷകർ പറയുന്നത്.



