ന്യൂയോര്‍ക്ക്: ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വ്യവസായി യുഎസില്‍ കുത്തേറ്റു മരിച്ചു. ചഞ്ചല്‍ഗുഡ സ്വദേശി മുഹമ്മദ് ആരിഫ് മുഹിയുദ്ദീന്‍ (37) ആണ് ജോര്‍ജിയയില്‍ മരിച്ചത്. വ്യവസായ പങ്കാളിയുമായി അടുത്തിടെ അസ്വാരസ്യം ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിനു പിന്നില്‍ ഈ സംഭവത്തിനു പങ്കുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം ആരിഫിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ യുഎസിലേക്ക് പോവുന്നതിന് അവസരമൊരുക്കണമെന്ന് ആരിഫിന്റെ ഭാര്യ മെഹ്നാസും പിതാവ് ഖാജാ മൊയീസുദ്ദീനും കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചു.
പത്തുവര്‍ഷമായി യുഎസില്‍ താമസിച്ചുവരികയായിരുന്നു അദ്ദേഹം. പത്തുമാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നുപോയത്. ശനിയാഴ്ച രാത്രി 9ന് ആരിഫ് ഹൈദരാബാദിലുള്ള ഭാര്യ മെഹ്നാസ് ഫാത്തിമയെ വിളിച്ചിരുന്നു. അരമണിക്കൂറിനു ശേഷം വിളിക്കാമെന്ന് ആരിഫ് പറഞ്ഞെങ്കിലും അതുണ്ടായില്ല. രാത്രി പതിനൊന്നര വരെ മെഹ്നാസ് ആരിഫിനെ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ജോര്‍ജിയയില്‍ ഉള്ള ആരിഫിന്റെ സഹോദരിയെ ബന്ധപ്പെട്ടു. ഇവര്‍ ആരിഫിന്റെ താമസസ്ഥലത്ത് എത്തി പോലിസുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്.

