തിരുവനന്തപുരം: നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പച്ചക്കറികളില്‍ വിഷാംശം അടങ്ങിയ കീടനാശിനികളുടെ ഉപയോഗം ഉള്ളതായി കാര്‍ഷിക ശാസ്ത്രജ്ഞര്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സ്വന്തമായി ജൈവ വളം ഉപയോഗിച്ചുള്ള പോഷക തോട്ടം നിര്‍മ്മിക്കുക എന്നതാണ് ഇതിനൊരു പരിഹാരം എന്നും കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ എസ് ഷമീന അഭിപ്രായപ്പെട്ടു.
തൃശൂര്‍ വിമലാ ഓട്ടോണമസ് കോളേജും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ. ഷമീന.
മനുഷ്യശരീരത്തില്‍ കീടനാശിനി കടന്നാല്‍ കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജൈവവളം ഉപയോഗിച്ച് പോഷക സമ്പുഷ്ടമായ തോട്ടം നിര്‍മ്മിക്കുന്നത് പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിക്കുമെന്ന് ഡോ ഷമീന പറഞ്ഞു. ജൈവവളം, കമ്പോസ്റ്റ് എന്നിവ ഉപയോഗിച്ചുള്ള പച്ചക്കറി കൃഷി രീതികള്‍ അവര്‍ വിശദീകരിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ വിപണന കേന്ദ്രങ്ങള്‍ കൃഷി ഭവനുകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ തുടങ്ങിയവയില്‍ നിന്നു വിത്തുകളും തൈകളും ലഭിക്കും എന്ന് ഡോ ഷമിന അറിയിച്ചു. ഈ രീതി അവലംബിച്ച് തക്കാളി, വെണ്ട, വെള്ളരി, പാവല്‍, ചീര, കുമ്പളം, കോവല്‍, കാന്താരി മുളക്, കാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി, പയര്‍, പപ്പായ, ഇലുമ്പന്‍ പുളി, നാരങ്ങ, ഇഞ്ചി, മഞ്ഞള്‍, പച്ചമുളക്, വള്ളിപയര്‍ തുടങ്ങിയവ നമ്മുടെ വീട്ട് വളപ്പില്‍ ആവശ്യാനുസരണം കൃഷി ചെയ്തെടുക്കാമെന്ന് ഡോ. ഷമീന പറഞ്ഞു. വിവിധ തരം വളങ്ങള്‍ ഉപയോഗിക്കുന്ന രീതികളും അവര്‍ വിശദീകരിച്ചു.
ലോകത്ത് ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ കാര്‍ഷിക സംഘടന മുന്നോട്ട് വച്ച ആശയമാണ് നുട്രിവില്ലേജ്. ഭാരത കാര്‍ഷിക ഗവേഷണ കൗണ്‍സിലാണ് രാജ്യത്ത് ഈ ആശയം നടപ്പിലാക്കുന്നതെന്ന് തുടര്‍ന്ന് ക്ലാസ് എടുത്ത കൃഷി വിഗ്യാന്‍ കേന്ദ്രത്തിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ കെ ടി സുമന്‍ പറഞ്ഞു.
സമീകൃത ആഹാരം എല്ലാവര്‍ക്കും എന്ന ലക്ഷ്യം കൈവരിക്കാന്‍ തങ്ങളുടെ ജീവിതത്തില്‍ പോഷക തോട്ടം എന്ന നൂതന ആശയം നടപ്പിലാക്കാന്‍ എളിയ തുടക്കം കുറിക്കാന്‍ ഡോ സുമന്‍ വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു.
നൂറോളം വിദ്യാര്‍ത്ഥികള്‍ വേബിനാറില്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ഇ-സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.



