തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. 8-10 -2020 വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കേണ്ടെന്നാണ് തീരുമാനം.
ബാറുകള്‍ തുറക്കാനുള്ള ശുപാര്‍ശ അടങ്ങിയ ഫയല്‍ ആഴ്ചകള്‍ക്കു മുന്‍പ് എക്സൈസ് കമ്മിഷണര്‍ മന്ത്രി വഴി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്.
എന്നാൽ സംസ്ഥാനത്ത് സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖോബ്രഗഡെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ബാറുകള്‍ തുറക്കുന്നത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനത്തിലൂടെ കൂടുതൽ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി.കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച കാര്യം ഡിജിപിയും യോഗത്തില്‍ സൂചിപ്പിച്ചു.
മുഖ്യമന്ത്രി അഭിപ്രായങ്ങളോട് യോജിച്ചു. ബാറുകൾ തുറക്കുന്നതിൽ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം പിന്നീട് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.



